മഴക്കാലത്ത് ചുമ, ജലദോഷം പോലുള്ള രോഗങ്ങൾ സാധാരണമാണ്. ഈ സമയത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾക്ക് മുൻഗണന നൽകണം. ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
നിങ്ങളുടെ ദൈനംദിന ഭക്ഷണമാണ് ഇക്കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നത് എന്നത് തന്നെ കാരണം.
ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുമ്പോഴാണ് ആരോഗ്യവും രോഗപ്രതിരോധ ശേഷിയും സാധ്യമാകുന്നത്. രണ്ടോ അതിലധികമോ പഴങ്ങളും പച്ചക്കറികളും തീർച്ചയായും നിശ്ചിത അളവിൽ നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. എന്നാൽ മാത്രമേ എല്ലാ ആവശ്യ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന് ലഭിക്കുകയുള്ളൂ.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ നമ്മെ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണപദാർഥങ്ങളെ പരിചയപ്പെടാം…
1. മഞ്ഞൾ
പാചകത്തിൽ സാധാരണ ഉപയോഗിക്കുന്നതാണല്ലോ മഞ്ഞൾ. കുർകുമിൻ എന്ന ഘടകം മഞ്ഞളിൽ അടങ്ങിയിട്ടുള്ളതിനാൽ മഞ്ഞൾ രോഗപ്രതിരോധ ശേഷിയുടെ തോത് വർധിപ്പിക്കും. അണുബാധ തടയാനും ഓക്സ്ഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും കുർകുമിന് കഴിവുണ്ട്.
2. ഇഞ്ചി
മിക്ക വിഭവങ്ങളിലെയും ചേരുവയാണ് ഇഞ്ചി. മധുരപലഹാരങ്ങളിലും ചായയിലുമടക്കം ഇഞ്ചി ചേർക്കുന്നു. ജിൻഞ്ചറോൾ എന്നാണ് ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റിന്റെ പേര്. ഫ്രീറാഡിക്കൽസിനെ നശിപ്പിക്കാൻ ഇവ സഹായിക്കുന്നു. ഓക്സിഡേഷൻ പ്രവർത്തനം കൂട്ടാനും കാൻസർ പോലെയുള്ള രോഗങ്ങൾക്ക് സാധ്യത വർധിപ്പിക്കുകയും ചെയ്യുന്ന ഘടകങ്ങളാണ് ഫ്രീറാഡിക്കൽസ്.
3. നാരങ്ങ, ഓറഞ്ച്, മുന്തിരി
നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
4. ഇലക്കറികൾ
വിറ്റാമിനും ഫൈബറും പ്രോട്ടീനും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
5. വെളുത്തുള്ളി
ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളിയും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഇവ ജലദോഷത്തിന്റെ ദൈര്‍ഘ്യം വെട്ടിക്കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ഈ തണുപ്പുകാലത്ത് വെളുത്തുള്ളിയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
6. ബീറ്റ കരോട്ടിൻ ഫുഡ്സ്
മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയ ബീറ്റാ കരോട്ടിൻ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്. സാലഡുകളിലൂടെയും സൂപ്പിലൂടെയും കറിയിലൂടെയുമെല്ലാം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
7. തൈര്
പ്രോബയോട്ടിക് ഭക്ഷണമായ തൈര് വയറിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. കാത്സ്യം ധാരാളം അടങ്ങിയതാണ് തൈര്. ഇവയില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ആണ് രോഗപ്രതിരോധ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നത്.
8. നട്സ്
പ്രോട്ടീനും വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
9. ഗ്രീൻ ടീ
ഗ്രീൻ ടീയിലുള്ള ഫ്ലെവനോയിഡ് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താനും ജലദോഷപ്പനിക്ക് ആശ്വാസം കണ്ടെത്താനും നല്ലതാണ്.
10. ഫ്ലാക്സ് സീഡ്
ഫാറ്റി ആസിഡുകളും ഫൈറ്റോ ഈസ്ട്രോജൻസും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അണുബാധയെയും കാൻസറിനെയും തടയാൻ ഫ്ലാക്സ് സീഡ് അത്യുത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക