വിദ്യാ ബാലൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ്. ബോളിവുഡ് അതിന്റെ എല്ലാ പ്രതാപത്തിലും തലയുയർത്തി നിന്ന സമയത്തായിരുന്നു വിദ്യാ ബാലന്റെ വരവ്. ഗ്ലാമറും ഗോസിപ്പ് മത്സരങ്ങളും നിറഞ്ഞ ബോളിവുഡിൽ തന്റേതായ ഇടം ഉണ്ടാക്കാൻ വിദ്യാ ബാലന് കഴിഞ്ഞു. ദി ഡേർട്ടി പിക്ചർ, കഹാനി എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം വിദ്യയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടായി.
കരിയറിനപ്പുറത്ത് വ്യക്തിജീവിതത്തിൽ വളരെ സ്വകാര്യത പുലർത്തുന്ന നടിയാണ് വിദ്യ. നിർമാതാവ് സിദ്ധാർത്ഥ് റോയ് കപൂറാണ് നടിയുടെ ഭർത്താവ്. ഭർത്താവ് നിർമാതാവ് ആണെങ്കിലും ഇദ്ദേഹത്തിന്റെ സിനിമകളിൽ വിദ്യാ ബാലൻ അപൂർമായേ അഭിനയിച്ചിട്ടുള്ളൂ.
തങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ സംവിധായകൻ കരൺ ജോഹറിന് പങ്കുണ്ടെന്ന് വിദ്യ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നിരുന്നാലും, രൺവീർ അലാബാദിയ ഹോസ്റ്റ് ചെയ്ത പോഡ്കാസ്റ്റിനിടെ,തന്റെ ഭർത്താവിനെക്കുറിച്ച് വിദ്യാ ബാലൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
2010 ൽ നോ വൺ കിൽഡ് ജെസിക എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് വിദ്യയും സിദ്ധാർത്ഥും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ സിനിമ നിർമ്മിച്ചത് സിദ്ധാർത്ഥ് റോയ് കപൂറിന്റെ യു ടിവി മോഷൻ പിക്ചേർസ് ആണ്. ഒരു ഫ്ലൈറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി സംസാരിക്കുന്നത്. ആദ്യ കാഴ്ചയിൽ തന്നെ സിദ്ധാർത്ഥ് സുമുഖനാണെന്ന് വിദ്യാ ബാലന് തോന്നി. പിന്നീട് ഇടയ്ക്കിടെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തു.
സിദ്ധാർത്ഥിനെ കാണുന്നതിന് മുമ്പ് താൻ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് വിദ്യ പറയുന്നത്. എനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമില്ലായിരുന്നു. എന്റെ ജീവിതത്തിൽ എനിക്ക് ഒരാളെ വേണമായിരുന്നു. പക്ഷേ വിവാഹം കഴിക്കുമെന്ന് കരുതിയില്ല. ഞാൻ ചിലരെ ഡേറ്റ് ചെയ്തു. പക്ഷെ അതെല്ലാം പരാജയപ്പെട്ടു. എനിക്ക് ഒറ്റപ്പെട്ടത് പോലെ തോന്നി. ഞാൻ വഞ്ചിക്കപ്പെട്ടു. ഇനി ഒരു ബന്ധം വേണ്ടെന്ന് തീരുമാനിച്ചു. പക്ഷെ സിദ്ധാർത്ഥിനെ കണ്ട ശേഷം പുരുഷൻമാരെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറി എന്നാണ് വിദ്യ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക