പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ഏറെ പ്രതീക്ഷയോടെയാണ് തിയറ്ററുകളിൽ എത്തിയത്. എന്നാൽ ചിത്രത്തിലെ സംഭാഷണങ്ങൾക്കെതിരെ വൻ വിമർശനം ഉയർന്നിരുന്നു. ആദിപുരുഷിനെതിരെ വൻ വിമർശനം കനക്കുമ്പോൾ പ്രേക്ഷകരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്ത് മനോജ് മുന്താഷിർ. ചിത്രം ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് അംഗീകരിക്കുന്നുവെന്നും കൈകൂപ്പി ക്ഷമ ചോദിക്കുന്നുവെന്നും മനോജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘ആദിപുരുഷ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ഞാൻ സമ്മതിക്കുന്നു. കൂപ്പ് കൈകളോടെ നിരുപാധികം മാപ്പ് ചോദിക്കുന്നു. പ്രഭു ബജ്റംഗ് ബലി നമ്മളെ ഒന്നിപ്പിച്ച് നിർത്തുകയും നമ്മുടെ വിശുദ്ധ സനാതനത്തെയും മഹത്തായ ദേശത്തെയും സേവിക്കാൻ ശക്തി തരട്ടെ’, മനോജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘ആദിപുരുഷ്’ മോശം വിഷ്വൽ ഇഫക്റ്റ്സ്, മോശം കഥാപാത്ര നിർമ്മിതി എന്നിവയുടെ പേരിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. കഥാപാത്രങ്ങൾ മോശമായ ഭാഷയിൽ സംസാരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങളും പരാതികളുമാണ് മനോജ് മുൻതാഷിറിനെതിരെ വന്നത്. ജീവന് ഭീഷണി നേരിടുന്നതായി പരാതിപ്പെട്ട സാഹചര്യത്തിൽ മനോജിന് പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. എന്നാൽ തിയേറ്ററുകളിൽ കാഴ്ചക്കാരില്ലാതായതോടെ ജൂലൈ ആദ്യവാരം സിനിമ പിൻവലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക