13 വർഷത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ബിജുമേനോനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം ‘ഗരുഡൻ’. കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ജിസ് ജോയിയുടെ ചിത്രം പൂർത്തിയാക്കി ജൂലൈ ആദ്യമാണ് ബിജുമേനോൻ ചിത്രത്തിൽ ജോയിൻ ചെയ്തത്. ഇപ്പോൾ സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിച്ചുള്ള സിനിമയുടെ ലൊക്കേഷൻ ഫോട്ടോസും വീഡിയോയും ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
എസ് പി ഹരീഷ് മാധവൻ എന്ന കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിക്കുമ്പോൾ കൊമേഴ്സ് വിഭാഗം മേധാവി പ്രൊഫസർ നിഷാന്ത് എന്ന കഥാപാത്രത്തെയാണ് ബിജുമേനോൻ കൈകാര്യം ചെയ്യുന്നത്. കൊച്ചി പോർട്ട് ട്രസ്റ്റ് ഓഫീസിൽ നടന്ന ചിത്രീകരണത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ലീഗൽ ത്രില്ലർ ചിത്രം ആയി ഒരുങ്ങുന്ന ഗരുഡനിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും അധ്യാപകനും തമ്മിലുള്ള നിയമ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്.
ഇതിനു മുൻപ് മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളായ ക്രിസ്ത്യൻ ബ്രദേഴ്സ്, ചിന്താമണി കൊലക്കേസ്, പ്രണയവർണ്ണങ്ങൾ, എഫ്ഐആർ, ഹൈവേ, പത്രം, മഹാത്മ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു. 2019ൽ പുറത്തിറങ്ങിയ രാമ രാവണൻ എന്ന ചിത്രത്തിലാണ് ബിജുമേനോനും സുരേഷ് ഗോപിയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.
ക്രൈം ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രം ബിഗ് ബജറ്റിൽ ആണ് നിർമ്മിക്കുന്നത്. സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത്, രഞ്ജിനി, മാളവിക എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചിയിലും ഹൈദരാബാദിലും ആയിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കുക. ജിനീഷ് എം കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതവും പാശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്ക്സ് ബിജോയ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക