സിനിമ ടൂറിസത്തിന് പിന്തുണ അറിയിച്ച് പ്രശസ്ത സംവിധായകൻ മണി രത്നം. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്കാണ് സംവിധായകൻ മണി രത്നം തന്റെ പൂർണ്ണപിന്തുണ അറിയിച്ചത്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയായ പി.എ മുഹമ്മദ് റിയാസുമായി കോഴിക്കോട് നടത്തിയ ചർച്ചയിലാണ് വിനോദസഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് തന്റെ പിന്തുണയും പ്രോത്സാഹനവും മണിരത്നം അറിയിച്ചത്.
പ്രശസ്തമായ സിനിമകൾ ചിത്രീകരിച്ച ലൊക്കേഷനുകൾ അവയുടെ ഓർമ്മകളിൽ നിലനിർത്തിക്കൊണ്ട് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയാണ് സിനിമ ടൂറിസം കൊണ്ട് ഉദ്ദേശിക്കുന്നത്. അരവിന്ദ് സ്വാമി, മനീഷ കൊയിരാള എന്നിവരെ കേന്ദ്ര കഥാപാത്രം ആക്കി പുറത്തിറങ്ങിയ ബോംബെ എന്ന സിനിമയുടെ ലൊക്കേഷൻ ആയ കാസർകോട്ട് ബേക്കൽ കോട്ടയെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബേക്കലിൽ നടക്കുന്ന പരിപാടിയിൽ മണി രത്നം പങ്കെടുക്കുമെന്നും ചിത്രത്തിലെ താരങ്ങളെ പങ്കെടുപ്പിക്കുമെന്നും മണി രത്നം സമ്മതിച്ചിട്ടുണ്ട്.
അഭിമാനത്തോടെയാണ് സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ഈ നിമിഷത്തേ കാണുന്നതെന്നും മണിരത്നത്തെ പോലെയുള്ള മഹാനായ ഒരു സംവിധായകന്റെ പ്രോത്സാഹനവും സാന്നിധ്യവും പദ്ധതിക്ക് വലിയ ഊർജമാവും എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക