മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനി അന്തരിച്ചു. 74 വയസ്സായിരുന്നു. പൂനെയിലെ അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിൽ വെള്ളിയാഴ്ചയാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടന്റെ ഫ്ലാറ്റിൽ നിന്നും ദുർഗന്ധം വമിക്കുന്നുവെന്ന് അയൽവാസികളുടെ പരാതിയെ തുടർന്ന് എം ഐ ഡി സി പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്ത് എത്തി വീടിന്റെ വാതിൽ തകർത്ത് അകത്തു കടന്നു നടത്തിയ പരിശോധനയിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താരം മരിച്ചിട്ട് രണ്ടുദിവസം പിന്നിട്ടു എന്നാണ് വിവരം. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
മുംബൈയിൽ താമസിച്ചിരുന്ന രവീന്ദ്ര മഹാജനി കഴിഞ്ഞ എട്ടുമാസത്തോളമായി പൂണൈയിൽ തനിച്ചാണ് താമസം. സീരിയൽ താരം ഗഷ്മീർ മഹാജനി താരത്തിന്റെ മകനാണ്. മറാത്തി സിനിമയിലെ വിനോദ് ഖന്ന എന്നറിയപ്പെട്ട മഹാജനി 70-80 കാലഘട്ടങ്ങളിൽ മറാത്തി സിനിമയിൽ നിറഞ്ഞുനിന്ന നടനാണ്. അദ്ദേഹം അഭിനയിച്ച ‘ലക്ഷ്മി ചി പാവലേ’ എന്ന ചിത്രം മറാത്തി സിനിമയിലെ എക്കാലത്തെയും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.
2015ൽ ‘കേ റാവു തുംഹി’ എന്ന ചിത്രത്തിലൂടെ താരം തിരിച്ചുവരവ് നടത്തിയിരുന്നു. ‘ദുനിയ കാരി സലാം’, ‘മുംബൈ ചാ ഫൗസ്ദാർ’, ‘സൂഞ്ച്’, ‘കലത് നകലത്’, ‘ആറാം ഹറാം ആഹേ’ എന്നിവയാണ് മഹാജനിയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക