ചോറിനോടൊപ്പവും ചപ്പാത്തിയോടൊപ്പവും ഒക്കെ കഴിക്കാൻ എന്നും ഒരേ രീതിയിലാണോ കടല ഉണ്ടാക്കുന്നത്. എന്നാൽ ഇനി അതിൽ നിന്നും വ്യത്യസ്തമായി നമുക്കൊരു കടലവരട്ടിയത് തയ്യാറാക്കി നോക്കാം. ഇതിനായി തലേദിവസം തന്നെ കടല വെള്ളമൊഴിച്ച് കുതിർത്തു വയ്ക്കണം. പിറ്റേദിവസം രാവിലെ കടല നന്നായി കഴുകിയെടുത്തതിനുശേഷം കുക്കറിൽ ഇട്ടുകൊടുത്ത് പാകത്തിന് ഉപ്പും വെള്ളവുമൊഴിച്ച് നാല് വിസിൽ വരുന്നതുവരെ വേവിച്ചെടുക്കണം.
ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കി ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ ഇതിലേക്ക് ചെറുതായി അരിഞ്ഞ കുറച്ച് ചെറിയ ഉള്ളിയും അരിഞ്ഞു വച്ചിരിക്കുന്ന തേങ്ങാക്കൊത്തും ചേർത്ത് ഇളക്കി ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റി എടുക്കുക. ഇത് നല്ലതുപോലെ വഴണ്ടു വരുമ്പോൾ ഇതിലേക്ക് കുറച്ച് മഞ്ഞൾ പൊടിയും എരിവിന് ആവശ്യമായ വറ്റൽ മുളക് ചതച്ചതും കൂടി ചേർത്തതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കുറച്ച് മല്ലിപ്പൊടിയും കൂടി ചേർത്തു കൊടുക്കാം.
നന്നായി ഇളക്കിയതിനു ശേഷം വേവിച്ച കടല വെള്ളത്തോടു കൂടി ഇതിലേക്ക് ചേർത്തു കൊടുക്കണം. വെള്ളം നല്ലതുപോലെ വറ്റിയതിനുശേഷം ഇതൊന്ന് മാറ്റി വയ്ക്കാം. അതേ പാത്രത്തിൽ തന്നെ കുറച്ചു വെളിച്ചെണ്ണ ചേർത്തു കൊടുത്ത് കുറച്ച് മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് നന്നായി മൂപ്പിക്കുക. കുറച്ച് കറിവേപ്പില കൂടി ചേർത്ത് നമ്മൾ മാറ്റിവെച്ചിരിക്കുന്ന കടല കൂടി ചേർത്ത് മിക്സ് ചെയ്യാം. ആവശ്യമെങ്കിൽ ഉപ്പ് ചേർത്തു കൊടുക്കാം. രുചികരമായ കടല വരട്ടിയത് റെഡിയായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക