ജലജീവൻ മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്തെ കുടിവെള്ള വിതരണ മേഖല, 50 ശതമാനം ഗ്രാമീണവീടുകളിൽ കുടിവെള്ള കണക്ഷൻ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതായി റിപ്പോർട്ട്. നിലവിൽ സംസ്ഥാനത്ത് ആകെയുള്ള 69.92 ലക്ഷം ഗ്രാമീണ വീടുകളിൽ പകുതിയിലും, ജലജീവൻ മിഷനിലൂടെ ടാപ്പ് വഴി കുടിവെള്ളം ലഭ്യമാക്കി എന്നാണ് പുറത്തു വരുന്ന വിവരം. ആകെ 35.42 ലക്ഷം ഗ്രാമീണ വീടുകൾക്ക് ആണ് ഈ പദ്ധതി വഴി ടാപ്പ് വഴി കുടിവെള്ളം എത്തിച്ചത്.
കേരളത്തിലെ 100 വില്ലേജുകളും 78 പഞ്ചായത്തുകളും നൂറു ശതമാനം കുടിവെള്ള ലഭ്യത കൈവരിച്ച് ’ഹർ ഘർ ജൽ’ പദവിയും നേടിയിട്ടുണ്ട്. മുഴുവൻ ഗ്രാമീണ വീടുകൾക്കും ടാപ്പ് വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം സംസ്ഥാനത്ത് 2020 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്.
പദ്ധതിയിൽ പങ്കാളികളായ ഉദ്യോഗസ്ഥരെ മന്ത്രി റോഷി അഗസ്റ്റിൻ അഭിനന്ദിച്ചു. ഏറെ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് 50 ശതമാനം കുടിവെള്ള കണക്ഷനുകൾ പൂർത്തിയാക്കിയ, പദ്ധതി നിർവഹണ ഏജൻസികളുടെയും ഉദ്യോഗസ്ഥരുടെയും കഠിനാധ്വാനം ഏറെ പ്രശംസാർഹമാണെന്നും നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി ലക്ഷ്യം കൈവരിക്കാൻ കൂടുതൽ ജാഗ്രതയോടെ പ്രവൃത്തികൾ തീർക്കേണ്ടതുണ്ടെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക