ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതികളിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ നാല് കർണാടക പോലീസ് ഉദ്യോഗസ്ഥരെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതികളുമായി വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് നാല് പോലീസുകാരടങ്ങുന്ന കർണാടക പോലീസ് സംഘത്തെ കേരള പോലീസ് പിടികൂടിയത്. പണം നൽകിയാൽ കേസിൽ നിന്നും ഒഴിവാക്കാം എന്ന് പറഞ്ഞാണ് തട്ടിപ്പ് കേസ് പ്രതികളിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയത്. ഇവരുടെ വാഹനത്തിൽ നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തു.
ബംഗളുരുവിലെ വൈറ്റ്ഫീൽഡ് സൈബർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സി ഐ ശിവപ്രകാശ്, പോലീസുകാരായ സന്ദേശ്, ശിവണ്ണ, വിജയകുമാർ എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കർണാടക പോലീസ് സംഘം പണം തട്ടിയെടുത്തതായി കൊച്ചി പോലീസിന് കഴിഞ്ഞ ദിവസമാണ് പരാതി ലഭിക്കുന്നത്. കർണാടകയിലെ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനു വേണ്ടിയാണ് കർണാടക പോലീസ് സംഘം കേരളത്തിലെത്തിയത്.
ഓൺലൈൻ ഇടപാടിൽ ബംഗളൂരുവിലെ സ്ത്രീക്ക് ഇരുപത്തിയാറ് ലക്ഷത്തോളം രൂപ നഷ്ടമായി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം കൊച്ചിയിലെത്തിയത്. മലപ്പുറത്തുനിന്ന് രണ്ടു പ്രതികളെ ആദ്യം കസ്റ്റഡിയിലെടുത്ത പോലീസ് ചൊവ്വാഴ്ച വൈകിട്ടാണ് മട്ടാഞ്ചേരിയിൽ നിന്ന് രണ്ടുപേരെ കൂടി പിടികൂടിയത്. പണം ചോദിച്ച് ഭീഷണിപ്പെടുത്തിയതോടെ പ്രതികളുടെ ബന്ധുക്കൾ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് കൊച്ചി കളമശ്ശേരി പോലീസ് ഇവരുടെ വാഹനം കണ്ടെത്തുകയും പണവുമായി ഇവരെ പിടികൂടുകയും ആയിരുന്നു. കേസുമായി ബന്ധപ്പെട്ട് വിളിപ്പിക്കുമ്പോൾ കൊച്ചിയിൽ ഹാജരാകണമെന്നുള്ള നിബന്ധനയോടെ ഉദ്യോഗസ്ഥരെ കർണാടക പോലീസിന് കൈമാറും എന്നും കേരള പോലീസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക