കൊച്ചി: ചെകുത്താൻ എന്ന് വിളിക്കുന്ന യുട്യൂബർ അജു അലക്സിനെതിരെ മാനനഷ്ടക്കേസ് നൽകി നടൻ ബാല. അപകീർത്തിപരമായ പ്രസ്താവന നടത്തിയതിന് അജുവിന് വക്കീൽ നോട്ടീസ് അയച്ചു. താൻ വീട് കയറി ആക്രമിച്ചെന്ന് പറയുന്നത് തെറ്റായ പ്രസ്താവനയെന്ന് ബാല നോട്ടീസിൽ പറയുന്നു.
തനിക്കെതിരെ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും നടത്തിയ പരാമർശങ്ങൾ അതേ പ്ലാറ്റ്ഫോമുകളിലൂടെ തന്നെ പിൻവലിക്കണമെന്നാണ് ബാലയുടെ ആവശ്യം. തനിക്കെതിരെ, ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സ് ഗൂഢാലോചന നടത്തിയെന്നും തത്ഫലമായി തന്റെ പ്രശസ്തിക്ക് കോട്ടം തട്ടിയെന്നും ബാല പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം ബാല വീട്ടിലെത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ അടിച്ചു തകർത്തുവെന്നും അജു അലക്സ് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബാലയ്ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അജു അലക്സിനെതിരെ ബാല മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക