രജനികാന്ത് നായകനായ ജയിലർ എന്ന ചിത്രം കുടുംബസമേതം തിയേറ്ററിലെത്തിക്കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞദിവസം രാത്രി ലുലു മാളിലെ തീയേറ്ററിലെത്തി ഭാര്യ കമല, മകൾ വീണ, മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, ചെറുമകൻ എന്നിവർക്കൊപ്പം ആണ് മുഖ്യമന്ത്രി ജയിലർ കണ്ടത്.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത രജനികാന്ത് ചിത്രമായ ജയിലർ സൺ പിക്ചേഴസിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ആദ്യമായി രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ചിത്രം രജനിയുടെ 169 മത്തെ ചിത്രം കൂടിയാണ്. മലയാളത്തിൽ നിന്നും വിനായകനും ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നുണ്ട്.
കഴിഞ്ഞദിവസം വിനായകന്റെ ചിത്രത്തിലെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് മന്ത്രി വി ശിവൻകുട്ടിയും രംഗത്ത് വന്നിരുന്നു. ഫേസ്ബുക്ക് കുറുപ്പിലൂടെ പ്രതികരിച്ച മന്ത്രി ജയിലർ കൊണ്ടാടപ്പെടേണ്ട ഒരു ചിത്രമാണെന്നും വിനായകന്റെ സിനിമയാണിത് എന്നും പറഞ്ഞിരുന്നു.
ബീസ്റ്റ് എന്ന വിജയ് ചിത്രത്തിനുശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലറിന്റെ ആക്ഷൻ നിർവഹിച്ചിരിക്കുന്നത് സ്റ്റണ്ട് ശിവയാണ്. ചിത്രത്തിൽ രമ്യ കൃഷ്ണൻ, വിനായകൻ, ശിവരാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക