കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് വന്ദേ ഭാരത് എക്സ്പ്രസിൽ കന്നിയാത്ര. കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് ഇന്ന് വൈകിട്ടാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. സ്വകാര്യ ചടങ്ങിന് കണ്ണൂരെത്തിയതായിരുന്നു മുഖ്യമന്ത്രി.
3.40ന് പുറപ്പെട്ട ട്രെയിനിലെ എക്സ്ക്യൂട്ടീവ് കോച്ചിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. കന്നിയാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, പോലീസ് ഉദ്യോഗസ്ഥർ അടക്കമുളളവരുണ്ടായിരുന്നു.
സുരക്ഷാ വലയത്തിൽ ഇ വൺ കംപാർട്ട്മെന്റിൽ കയറിയ മുഖ്യമന്ത്രി വലതു വശത്തെ സൈഡ് സീറ്റിൽ ആണ് ഇരുന്നത്. മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വലിയ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. യാത്രയ്ക്ക് മുമ്പ് ട്രാക്കുകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയടക്കം നടത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും റെയില്‍വേ പോലീസും സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഡോഗ് സ്ക്വാഡും സ്റ്റേഷനിലെത്തി. സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക