പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സംവിധായകൻ അറസ്റ്റിൽ. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു ഇയാൾ എന്നാണ് പുറത്തു വരുന്ന വിവരം. കോഴിക്കോട് കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36) ആണ് അറസ്റ്റിലായത്. കൊയിലാണ്ടി പൊലീസാണ് ഇയാളെ പിടികൂടിയത്.
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. കേസിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു. ഒളിവിൽ കഴിഞ്ഞ നടക്കാവിലെ താമസസ്ഥലത്തു വെച്ച് പൊലീസിനെ കണ്ട് ഇയാൾ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഈ വര്‍ഷം പുറത്തിറങ്ങിയ ‘ബൈനറി’ എന്ന സിനിമയുടെ സംവിധായകനാണ് ജാസിക് അലി. പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നര മാസം മുൻപ് ഇയാൾ അറസ്റ്റിലായിരുന്നു. മുൻപ് 17കാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലും ഇയാൾ അറസ്റ്റിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക