മലയാളി പ്രേക്ഷകരുടെ ഇഷ്ട ദമ്പതികൾ ആണ് ഫഹദ് ഫാസിലും നസ്രിയ നസീമും. 2014 ലാണ് ഇരുവരും വിവാഹിതരായത്. താര ദമ്പതികൾ ഇന്ന് ഒമ്പതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തും ഉള്ള നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട താരദമ്പതികൾക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വന്നത്.
“സ്നേഹത്തിനു നന്ദി. ജീവിതത്തിന് നന്ദി. നമ്മൾ ഒന്നായിട്ട് 9 വർഷം” എന്നാണ് വിവാഹ വാർഷിക ദിനത്തിൽ ഫഹദ് ഫാസിൽ സമൂഹമാധ്യമത്തിൽ കുറിച്ചത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഇരുവരും ഒരുമിച്ച് അഭിനയിച്ച ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ഇവരുടെ വിവാഹം.
വിവാഹശേഷം അഭിനയത്തിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്ത നസ്രിയ 2018ൽ അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചെത്തി. പിന്നീട് 2019ൽ അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് എന്ന ചിത്രത്തിൽ ഫഹദിന്റെ തന്നെ നായികയായി നസ്രിയ എത്തി. മാരി സെൽവരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം മാമന്നൻ ആയിരുന്നു ഫഹദ് ഫാസിലിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക