ഓണത്തിന് മിക്കവാറും എല്ലാവരും സേമിയ പായസവും പാലട പായസവും എല്ലാമാണ് ഉണ്ടാക്കാറ്. അതിൽനിന്നും വ്യത്യസ്തമായി ഇത്തവണ ഒരു പഴം പ്രഥമൻ ആയാലോ. രുചികരമായ പഴം പ്രഥമൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ കുറച്ച് നേന്ത്രപ്പഴം പുഴുങ്ങി എടുക്കാം. പുഴുങ്ങിയ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞ് മിക്സിയുടെ ജാറിൽ ഒന്ന് അരച്ചെടുക്കാം. ഇത് മാറ്റിവയ്ക്കാം. പിന്നീട് കുറച്ച് ശർക്കര അല്പം വെള്ളവും ചേർത്ത് ഉരുക്കി അരിച്ചെടുത്ത് മാറ്റിവയ്ക്കാം. മൂന്ന് തേങ്ങയെടുത്ത് ഒന്നാം പാലും രണ്ടാം പാലും റെഡിയാക്കി വെക്കാം.
ഇനി പായസം തയ്യാറാക്കാൻ തുടങ്ങാം. ആദ്യം തന്നെ ഒരു ഉരുളിയിൽ കുറച്ച് എണ്ണയൊഴിച്ച് അതിൽ കുറച്ച് തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് മാറ്റിവയ്ക്കാം. പിന്നീട് അതേ ഉരുളിയിൽ തന്നെ കുറച്ചു വെള്ളമൊഴിച്ച് അതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കാം. വെള്ളം നല്ലതുപോലെ വെട്ടി തിളക്കുമ്പോൾ ഇതിലേക്ക് നമ്മൾ അരച്ചു വെച്ചിരിക്കുന്ന പഴം ചേർത്തുകൊടുക്കാം. ഇനി ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. പഴം നല്ലതുപോലെ ചൂടായി വരുമ്പോൾ ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന ശർക്കര ചേർത്തു കൊടുക്കണം. ഇതു നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം.
ഇത് തിളച്ചു വരുമ്പോൾ ഇതിലേക്ക് രണ്ടാം പാൽ ചേർത്തു കൊടുക്കാം. ഇത് ഒന്ന് കുറുകി കഴിയുമ്പോൾ കുറച്ച് പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. അല്പം കൂടി കുറുകിയതിനുശേഷം ഇതിലേക്ക് ഒന്നാംപാൽ ചേർത്ത് കൊടുക്കണം. കുറച്ച് കട്ടി ആവുന്നത് വരെ ഇളക്കി കൊണ്ടിരിക്കണം. ഇതിലേക്ക് അല്പം ഏലയ്ക്കാപ്പൊടി കൂടി ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് വറുത്ത് മാറ്റി വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങാക്കൊത്തും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കിയതിന് ശേഷം സെർവ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക