നവകേരള സൃഷ്ടിക്കായി ജ്ഞാനോൽപ്പാദനം നടത്താൻ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് വിജയികളോട് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഷിപ്പ് (രണ്ടാം ബാച്ച്) നേടിയ 68 പേർക്ക് ഫെലോഷിപ്പ് വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. “നവകേരള സൃഷ്ടി പ്രധാനമായാണ് സർക്കാർ കാണുന്നത്. അതിനാവശ്യമായ പുതിയ അറിവുകൾ സൃഷ്ടിക്കൽ പ്രധാനമാണ്. ആ അറിവുകൾ പൊതുസമൂഹത്തിന്റെ ഉന്നതിക്കായി ഉപയോഗപ്പെടുത്തുകയും വേണം. ഈ അറിവുൽപ്പാദനമാണ് ഫെല്ലോഷിപ്പ് ജേതാക്കളുടെ പ്രാഥമിക ദൗത്യം”, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചെറുപ്പക്കാർക്ക് പുതിയ കാലം ആവശ്യപ്പെടുന്ന നൈപുണികൾ ലഭ്യമാക്കാൻ ഉന്നത വിദ്യാഭ്യാസ മേഖല ആകെ നവീകരിക്കുകയാണ്. വിജ്ഞാനം ഏതൊരു സമൂഹത്തിന്റെയും വികസനത്തിനു ആവശ്യമാണ്. ലോകത്തെവിടെയും ഉണ്ടാകുന്ന വിജ്ഞാനം കേരളത്തിൽ ഇരുന്നുകൊണ്ട് നമുക്ക് സ്വാംശീകരിക്കാം. എന്നാൽ ബൗദ്ധിക സ്വത്തവകാശ നിയമം, പേറ്റന്റ് എന്നിവ വ്യാപകമാകുമ്പോൾ പ്രതിസന്ധി ഉളവാക്കുന്നു. അതിനാലാണ് അറിവുൽപ്പാദനം അനിവാര്യമാകുന്നത്. ജ്ഞാനോൽപ്പാദനത്തിന് ഗവേഷണം സുപ്രധാനമാണ്. ഗവേഷണത്തിന് അത്ര പ്രോത്സാഹനം ലഭിക്കുന്ന രാജ്യമല്ല നമ്മുടേത്. ബ്രിക്സ് രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും കുറവ് ഫണ്ട് ഗവേഷണത്തിന് നീക്കിവയ്ക്കുന്ന രാജ്യമാണ് ഇന്ത്യ.
എന്നാൽ കേരളം ഇവിടെ വേറിട്ടുനിൽക്കുന്നു. കഴിഞ്ഞ ബജറ്റിൽ 7500 കോടി രൂപയാണ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് എന്ന ഇനത്തിൽ നീക്കിവെച്ചത്. ഗവേഷണ മേഖലയിൽ മുൻഗണനാ ക്രമത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. വിജ്ഞാന ഉൽപാദനത്തിന്റെ ഭാഗമായുണ്ടാകുന്ന അറിവുകൾ പൊതുജനങ്ങൾക്ക് സേവനമായി ലഭ്യമാക്കുന്നതിനാണ് ട്രാൻസ്ലേഷനൽ റിസർച്ച് ലബോറട്ടറികൾ എന്ന ആശയം വരുന്നത്. കേരളത്തിലെ 10 സർവകലാശാലകളിൽ ട്രാൻസ്ലേഷനൽ റിസർച്ച് ലബോറട്ടറികൾ തുടങ്ങാൻ 200 കോടി രൂപ വകയിരുത്തിയത് മുഖ്യമന്ത്രി എടുത്തുകാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക