മഴ തിമർത്തു പെയ്യേണ്ട സമയത്ത് സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരികയാണ്. വർദ്ധിച്ചുവരുന്ന ചൂടിൽ നിന്നും രക്ഷനേടാൻ പൊതുജനങ്ങൾക്കായി ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഇന്ന് 9 ജില്ലകളിൽ താപനില മുന്നറിയിപ്പ് നൽകിയിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെയും എറണാകുളം, തൃശൂർ, മലപ്പുറം,കോഴിക്കോട് ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട് എന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. പകൽ 11 മുതൽ മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹം ഇല്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക തുടങ്ങി നിരവധി ജാഗ്രത നിർദ്ദേശങ്ങൾ ആണ് പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക