കണ്ണൂരിൽ പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച പാലക്കാട് മീനാക്ഷിപുരം നന്ദിയോട് സ്വദേശി രതീഷിനെ ഇരിക്കൂറിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു.
ജില്ലയിലെ വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടിച്ചത്. പൊലീസ് ക്ലബ്ബിൽ നിർത്തിയിട്ട കണ്ണൂർ ടൗൺ സ്റ്റേഷനിലെ സീനിയർ സിപിഒ സദകത്തുള്ളയുടെ ബുള്ളറ്റാണ് കഴിഞ്ഞ ചൊവ്വാഴ്ച മാേഷണംപോയത്.
വൈകിട്ട് ഡ്യൂട്ടിക്ക് വരുമ്പോൾ ബൈക്ക് പൊലീസ് ക്ലബ് കോമ്പൗണ്ടിൽ നിർത്തിയിട്ടതായിരുന്നു. ഡ്യൂട്ടികഴിഞ്ഞ് ബുധൻ രാവിലെ ബൈക്കെടുക്കാനെത്തിയപ്പോൾ നിർത്തിയിട്ടിടത്തില്ലായിരുന്നു.
കഴിഞ്ഞ ആറ് മാസമായി ഇരിക്കൂറിൽ ബേക്കറി ജോലി ചെയ്യുകയാണ് രതീഷ്.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഇയാളുടെപേരിൽ കേസുകൾ നിലവിലുണ്ട്. അവിനാശി പാളയം പൊലീസ് സ്റ്റേഷനിൽ വാഹനമോഷണം, ബിവറേജ് കുത്തിപ്പൊളിക്കൽ എന്നിങ്ങനെ മൂന്ന് കേസുകളും ബംഗളൂരു സ്റ്റേഷനിൽ വാഹനം മോഷ്ടിച്ച് മീനാക്ഷിപുരത്തെത്തിച്ച കേസുമാണുള്ളത്. ഒരു കേസിൽ 50 ദിവസം ജയിലിലും കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക