ബെംഗളൂരു∙ വിക്രം ലാൻഡർ ചന്ദ്രനിൽ സ്പർശിച്ച സ്ഥലം ശിവശക്തി പോയന്റ് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവശക്തി പോയന്റ് ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളുടെ അടയാളമായി മാറുമെന്നും മോദി പറഞ്ഞു. ചന്ദ്രയാൻ 3 ചരിത്ര വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി നേരിൽ കണ്ട് അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് അദ്ദേഹം സല്യൂട്ട് നൽകുകയും ചെയ്തു.
ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കി(ഇസ്ട്രാക്)ൽ എത്തിയ മോദിയെ ഐഎസ്ആർഒ മേധാവി എസ്.സോമനാഥ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഗ്രീസ് സന്ദർശനം പൂർത്തിയാക്കി നേരിട്ടു ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു. ഇസ്രോയുടെ ശാസ്ത്രനേട്ടത്തിൽ അഭിമാനമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക