കിംഗ് ഓഫ് കൊത്ത എന്ന ദുൽഖർ സൽമാൻ ചിത്രത്തിനെതിരെ നടക്കുന്ന നെഗറ്റീവ് ക്യാമ്പയിനിൽ പ്രതികരണവുമായി നടി നൈല ഉഷ രംഗത്തെത്തി. എന്തിനാണ് ഒരു സിനിമയെ മാത്രം ലക്ഷ്യം വെച്ച് ഇങ്ങനെ ആക്രമിക്കുന്നത് എന്നും ഇത് ശരിയായ സമീപനം അല്ലെന്നും എല്ലാ സിനിമയും എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ലല്ലോ എന്നുംതാരം ചോദിക്കുന്നു.സിനിമയിലെ താരങ്ങൾക്കു നേരെ വ്യക്തിപരമായ ആക്രമണമാണ് നടക്കുന്നത് എന്നും നൈല പറഞ്ഞു.
ചിത്രത്തിന്റെ നെഗറ്റീവ് ക്യാമ്പയിനിൽ പ്രതികരിച്ച നൈല ഉഷ പറഞ്ഞതിന്റെ പൂർണ്ണരൂപം;
“സിനിമയുടെ അണിയറക്കാർക്ക് ഞാൻ ഈ പറയുന്നത് ഇഷ്ടപ്പെടുമോ എന്ന് പോലും അറിയില്ല. പക്ഷേ എനിക്കിത് പറയണമെന്ന് തോന്നി. എന്തിനാണ് ആവശ്യമില്ലാത്ത നെഗറ്റിവിറ്റി കുറെ ആളുകൾ പ്രചരിപ്പിക്കുന്നത്. അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല. എല്ലാ സിനിമയും എല്ലാവർക്കും ഇഷ്ടമാകില്ലല്ലോ. ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ? എല്ലാവരും സിനിമ തിയേറ്ററിൽ കാണട്ടെ, അതിന് അവസരം കൊടുക്കൂ. അല്ലാതെ വ്യക്തിപരമായി ടാർഗറ്റ് ചെയ്യുന്നത് എന്തിനാണ്, ഇവർ വലിയ ആളുകളുടെ മക്കൾ ആണെന്ന് ഒക്കെ കരുതി അവർക്ക് ഒരു ഇളവും കൊടുക്കരുത് എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഇത് ചെയ്യുന്നത് ആരെയാണെങ്കിലും അത് ശരിയല്ലെന്നേ ഞാൻ പറയൂ. എനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് കിംഗ് ഓഫ് കൊത്ത. ഞാൻ അഭിനയിച്ച എല്ലാ സിനിമകളുടെയും ഫാൻ അല്ല ഞാൻ, പക്ഷേ ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്”.
സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്ത. ദുൽഖർ സൽമാന്റെ ആദ്യ ബിഗ് ബജറ്റ് ചിത്രമായ കിംഗ് ഓഫ് കൊത്ത സി സ്റ്റുഡിയോസും വേഫറർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മിതിലകൻ, ഗോകുൽ സുരേഷ്, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക