ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചാന്ദ്രയാൻ മൂന്നിന്റെ ഭാഗമായ പ്രഗ്യാൻ റോവർ പകർത്തിയ ചന്ദ്രോപരിതരത്തിലെ വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഐ എസ് ആർ ഒ. ചന്ദ്രോപരിതലത്തിലുള്ള വിക്രം ലാൻഡറിന്റെ ത്രീഡി ചിത്രങ്ങളാണ് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്. പ്രഗ്യാൻ റോവർ പകർത്തിയ രണ്ടു ചിത്രങ്ങൾ സംയോജിപ്പിച്ച് തയ്യാറാക്കിയ ത്രീഡി ചിത്രമാണ് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്.
ഇലക്ട്രോ ഒപ്റ്റിക് സിസ്റ്റം ലബോറട്ടറിയാണ് പ്രഗ്യാൻ റോവറിലെ നാവിഗേഷനൽ ക്യാമറ തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ചിത്രങ്ങളും തമ്മിൽ സമീകരിച്ചെടുത്തത് അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ആണ്. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ രാത്രിയായതോടെ നിദ്രയിൽ പ്രവേശിച്ചു. ലാൻഡറും റോവറും പ്രവർത്തനക്ഷമമാകുമോ എന്നറിയാൻ അടുത്ത പകൽ വരുന്നതുവരെ കാത്തിരിക്കണം.
ഓഗസ്റ്റ് 23നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തുകൊണ്ട് ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യം എന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ദൗത്യം വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കുന്ന രാജ്യമാണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക