അനൂപ് മേനോൻ-ജയസൂര്യ കൂട്ടുകെട്ടിന് തുടക്കം കുറിച്ച ബ്യൂട്ടിഫുൾ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്റെ രചന തുടങ്ങിക്കഴിഞ്ഞതായി അനൂപ് മേനോൻ പറഞ്ഞു. 2011ൽ അനൂപ് മേനോന്റെ രചനയിൽ വി.കെ പ്രകാശ് ഒരുക്കിയ ചിത്രമാണ് ബ്യൂട്ടിഫുൾ. അനൂപ് മേനോൻ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിർവഹിക്കുന്നത്. ചിത്രത്തിന് തുടക്കമിടുമ്പോൾ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും സ്നേഹവും ഉണ്ടാകണമെന്ന് അനൂപ് മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം, ചിത്രത്തിൽ ജയസൂര്യ ഉണ്ടാകുമോ എന്ന ചോദ്യം ആരാധകരുടെ ഭാഗത്ത് നിന്ന് ഉയർന്നിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ ജയസൂര്യ ഉണ്ടാകില്ലയെന്നാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ എൻ എം ബാദുഷ വ്യക്തമാക്കിയത്. പകരം ചിത്രത്തിന്റെ സ്ക്രിപ്റ്റ് ആവശ്യപ്പെടും പ്രകാരം ഒരു നടനെ സിനിമയുടെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കും. ചിത്രം സംവിധാനം ചെയ്യുന്നത് വി.കെ പ്രകാശ് തന്നെയാണ്.
അനൂപ് മേനോൻ-ജയസൂര്യ കൂട്ടുകെട്ടിന് തുടക്കം കുറിച്ച ചിത്രങ്ങളിൽ ഒന്നാണ് വികെപി ഒരുക്കിയ ബ്യൂട്ടിഫുൾ. ബാദുഷ പ്രൊഡക്ഷൻസിന്റെയും യെസ് സിനിമ കമ്പനിയുടെയും ബാനറിൽ എൻ എം ബാദുഷയും ആനന്ദ്കുമാറും റിജു രാജനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജോമോൻ ടി ജോൺ ക്യാമറയും മഹേഷ് നാരയണൻ ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിക്കും. രജീഷ് വേഗ ചിത്രത്തിന് സംഗീതം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക