തിരുവനന്തപുരം: സോളാർ കേസിലെ അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ പീഡനത്തിലെ അതിജീവിതയെക്കാണാൻ ദല്ലാൾ നന്ദകുമാറിനെ ഇടനിലക്കാലനാക്കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി പൂർണമായും നിഷേധിച്ചു.
സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ദല്ലാളുമായുള്ള കൂടിക്കാഴ്ച ആരോപണവും നിഷേധിച്ചു. ദല്ലാൾ നന്ദകുമാറിനെ പ്രതിപക്ഷത്തിനാണ് കൂടുതൽ പരിചയമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ദല്ലാൾ മറ്റ് പലയിടത്തും പോകുന്നുണ്ടാകും. പക്ഷേ ദല്ലാളിന് തന്റെയടുത്ത് വരാൻ കഴിയില്ല. ദല്ലാളിനെ മുറിയിൽ നിന്ന് ഇറക്കിവിട്ടയാളാണ് ഞാൻ. സതീശനല്ല വിജയനെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. സോളാര്‍ പീഡന കേസിലെ സിബിഐ റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയ നോട്ടീസില്‍ സഭയില്‍ മറുപടി പറയവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
‘അധികാര ദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും സ്വാധീനം തുറന്നു കാണിക്കുന്നതാണ് സോളാര്‍ കേസ്. അധികാരത്തില്‍ വന്ന് മൂന്നാമത്തെ ദിവസമല്ല, മൂന്നാമത്തെ മാസമാണ് പരാതി വരുന്നത്. 12-01-21ന് പരാതിയില്‍ നിയമോപദേശം തേടി. പ്രത്യേക രാഷ്ട്രീയ താല്പര്യത്തോടെ പരാതി കൈകാര്യം ചെയ്തിട്ടില്ല. വന്ന പരാതിയില്‍ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ ആഗ്രഹിക്കുന്ന റിസല്‍ട്ട് അന്വേഷണത്തില്‍ ഉണ്ടാകണം എന്ന് ഞങ്ങള്‍ക്ക് താല്പര്യം ഇല്ലായിരുന്നു.
സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് എന്താണെന്ന് ഊഹിച്ചെടുത്ത് ചര്‍ച്ച ചെയ്യാനാണ് ആവശ്യപ്പെട്ടത്. ഒന്നും മറക്കാനില്ലാത്തത് കൊണ്ടാണ് ചര്‍ച്ച ആകാമെന്ന് പറഞ്ഞത്. പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടോളൂ. ഗൂഢാലോചന അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം വേണമെങ്കില്‍ പരിശോധിക്കാം. നിയമപരമായി സ്വീകരിക്കേണ്ട നടപടി എന്താണെന്ന് നോക്കാം. അതിന് ഞങ്ങള്‍ക്ക് പ്രയാസമില്ല.
സോളാര്‍ തട്ടിപ്പ് കേസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ എല്‍ഡിഎഫ് സര്‍ക്കാരോ സൃഷ്ടിച്ചെടുത്തതോ കെട്ടിച്ചമച്ചതോ അല്ല. ആ കേസിന്റെ തുടക്കം മുതല്‍ അഭിനയിക്കുന്നവര്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഉപ്പ് തിന്നുന്നവര്‍ വെള്ളം കുടിക്കട്ടെ എന്നാണ് അന്നും ഇന്നും ഞങ്ങളുടെ നിലപാട്.
ഉമ്മൻ ചാണ്ടിയെ വേട്ടയാടിയെന്ന ആരോപണവും മുഖ്യമന്ത്രി സഭയിൽ പൂർണമായും തള്ളി. തങ്ങൾ ആരേയും വേട്ടയാടിയിട്ടില്ല. ആര് ആരെയാണ് വേട്ടയാടിയത് എന്ന് നിങ്ങൾ തന്നെ ആലോചിച്ചാൽ മതി. അന്നത്തെ മുഖ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വെച്ച് നിരന്തരം ആരോപണം ഉന്നയിച്ചത് അന്നത്തെ സർക്കാരിന്റെ ചീഫ് വിപ്പ് ആയിരുന്നു. പൊതുമണ്ഡലത്തിലെ വേട്ടയാടലിന്റെ കുറിച്ചു നിങ്ങൾ ധാരാളം സംസാരിക്കുന്നു. അക്കാര്യത്തിൽ ഒരു സംവാദം നല്ലതാണ്. തങ്ങൾ നടത്തിയ സമരം വ്യക്തികളെ ലക്ഷ്യം വെച്ചായിരുന്നില്ല. വ്യക്തിപരമായ വേട്ടയാടൽ തെറ്റായ കീഴടക്കമാണെന്ന് പ്രതിപക്ഷം ഇപ്പോഴെങ്കിലും അംഗീകരിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക