ഹൈദരാബാദ്: പുനഃസംഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഇന്ന് ഹൈദരാബാദിൽ ചേരും. ശശി തരൂർ, സച്ചിന് പൈലറ്റ് തുടങ്ങിയവരെ ഉൾപ്പെടെ ചേർത്ത് പുനഃസംഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യയോഗമാണ് ഉച്ചയ്ക്ക് ഹൈദരാബാദിൽ ചേരുന്നത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രം യോഗം രൂപീകരിക്കും. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഭാരവാഹികളെയും യോഗം നിശ്ചയിച്ചേക്കും. പി.സി.സി അധ്യക്ഷന്മാരും നിയമസഭാ കക്ഷിനേതാക്കളൂം പങ്കെടുക്കുന്ന വിശാല പ്രവർത്തക സമിതി ഞായറാഴ്ച നടക്കും.
രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന തുടങ്ങി ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുളള തന്ത്രമാണ് പ്രധാന ചർച്ച. വിവിധ സംസ്ഥാനങ്ങളുടെ ചുമതലകൾ നേതാക്കൾക്ക് വിഭജിച്ചു നൽകും.
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ലക്ഷ്യമിട്ടാണ് ഹൈദരാബാദിൽ തന്നെ പ്രവർത്തക സമിതി ചേരുന്നത്. ഞാറയാഴ്ച ഹൈദരാബാദിൽ വൻറാലിയും നടത്തുന്നുണ്ട്. കർണാടക മാതൃകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന ആറു പദ്ധതികളും റാലിയിൽ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക