ഓരോ ദിവസവും ബ്രേക്ക്ഫാസ്റ്റിന് എന്ത് ഉണ്ടാക്കും എന്ന് ആലോചിക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ മസാല കൊഴുക്കട്ട ആയാലോ.
അതിനായി ആദ്യം തന്നെ കുറച്ച് ഇടിയപ്പം പൊടി തിളച്ച വെള്ളത്തിൽ പാകത്തിന് ഉപ്പ് ചേർത്ത് കുഴച്ചെടുക്കണം. നല്ലതുപോലെ കുഴച്ചെടുത്ത മാവ് ചെറിയ ചെറിയ ഉരുളകളാക്കി സ്റ്റീമറിൽ ആവി കയറ്റി വേവിച്ചെടുക്കാം. ഇനി ഇതിന് ആവശ്യമായ മസാല തയ്യാറാക്കി എടുക്കണം.
അതിനായി കുറച്ച് സവാള ചെറുതായി അരിഞ്ഞെടുക്കാം. രണ്ടോ മൂന്നോ പച്ചമുളക് രണ്ട് ചെറിയ തക്കാളി എന്നിവ കൂടി അരിഞ്ഞെടുക്കണം. ഇഞ്ചിയും വെളുത്തുള്ളിയും അല്പം പേസ്റ്റ് ആക്കി എടുക്കണം. പിന്നീട് ഒരു പാൻ വെച്ച് ചൂടാക്കിയതിനു ശേഷം അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക്കുറച്ച് കടുക് ചേർത്ത് പൊട്ടിച്ചെടുക്കാം.അരിഞ്ഞുവെച്ച സവാളയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും തക്കാളിയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം.
ഇതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടിയും അല്പം മല്ലിപ്പൊടിയും ഒരു നുള്ള് മഞ്ഞൾ പൊടിയും പാകത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കണം. അൽപ്പം വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ വേവിച്ചെടുത്തതിനുശേഷം ഇതിലേക്ക് നമ്മൾ വേവിച്ച് മാറ്റി വച്ചിരിക്കുന്ന കൊഴുക്കട്ടകൾ കൂടി ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം 20 മിനിറ്റ് നേരം അടച്ചുവെച്ച് വേവിച്ചെടുക്കാം. രുചികരമായ മസാല കൊഴുക്കട്ട റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക