ജുമൈറ-1 ഏരിയയുടെ വിജയകരമായ ഡിജിറ്റല്‍ മാപ്പിങ് പൂര്‍ത്തിയായതായും പൂര്‍ണ ഓട്ടോമേറ്റഡ് സെല്‍ഫ് ഡ്രൈവിങ് ടാക്സികള്‍ ഒക്ടോബറില്‍ ആരംഭിക്കുമെന്നും ആര്‍ടിഎയിലെ ട്രാന്സ്പോര്ട്ടേഷന് സിസ്റ്റംസ് ഡയറക്ടര്‍ ഖാലിദ് അല്‍ അവാദി സ്ഥിരീകരിച്ചു.
ജുമൈറ റോഡിലെ എട്ട് കിലോമീറ്റര്‍ നീളത്തില്‍ മൊത്തം അഞ്ച് ഡ്രൈവറില്ലാ ടാക്സികള്‍ അടുത്ത മാസം മുതല്‍ സര്‍വീസ് നടത്തും. എന്നാല്‍, പൊതുജനങ്ങള്‍ക്കെല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന വിധം പൂര്‍ണതോതിലുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക അടുത്തവര്‍ഷം പകുതിക്ക് ശേഷമായിരിക്കും. ഓട്ടോമാറ്റിക് വാഹനങ്ങള്‍ക്കായുള്ള റോഡ് നിയമങ്ങളും പൊതുനിയമങ്ങളും ഈ വര്‍ഷം ആദ്യം പാസാക്കി. പ്രാരംഭഘട്ടത്തില്‍ എന്തെങ്കിലും മനുഷ്യ ഇടപെടല്‍ ആവശ്യമായി വന്നാല്‍ ദുബായ് പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.
തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ സെല്‍ഫ് ടാക്സികള്‍ ഉപയോഗിക്കാന്‍ കഴിയും. ജനറല്‍ മോട്ടോഴ്സിന്റെ (ജിഎം) ഉപസ്ഥാപനമായ യുഎസ് ആസ്ഥാനമായുള്ള സെല്‍ഫ് ഡ്രൈവിങ് ടെക്നോളജി കമ്പനിയായ ക്രൂയിസ് ആണ് സര്‍വീസ് നടത്തുന്നത്. 2030 ഓടെ ദുബായിലുടനീളം 4,000 ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറങ്ങും. ജുമൈറ ഏരിയയില്‍ മണിക്കൂറില്‍ 70 കിലോമീറ്ററായിരിക്കും വേഗപരിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക