തിരുവനന്തപുരം: നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കേരളീയത്തിന്റെ ഭാഗമായി ഭക്ഷ്യമേള ഒരുങ്ങുന്നു. 11 വ്യത്യസ്തതരത്തിലുള്ള ഭക്ഷ്യമേളകളാണ് ഒരാഴ്ചക്കാലം നഗരത്തിൽ നടക്കുന്നത്.
തട്ടുകട ഭക്ഷണം മുതൽ പഞ്ചനക്ഷത്രഭക്ഷണം വരെ കേരളീയത്തിലെ സന്ദർശകർക്ക് ആസ്വദിക്കാനാവുന്ന തരത്തിൽ ഒരുക്കുന്നുണ്ട്. കേരളത്തിലെ തനത് വിഭവങ്ങൾ അണിനിരത്തിക്കൊണ്ട് കനകക്കുന്നിൽ നടക്കുന്ന ബ്രാൻഡഡ് ഫുഡ് ഫെസ്റ്റിവൽ ആണ് മേളയിലെ പ്രധാന ആകർഷണം.
എകെജി സെന്റർ മുതൽ സ്പെൻസർ ജംഗ്ഷൻ വരെയും സ്പെൻസർ ജംഗ്ഷൻ മുതൽ വാൻറോസ് ജംഗ്ഷൻ വരെയുമുള്ള വീഥികളിലെ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റും അതിനൊപ്പം തെരുവുകലാവിരുന്നും അരങ്ങേറും.
മാനവീയം വീഥിയിൽ കേരളത്തിന്റെ പരമ്പരാഗത ഭക്ഷണങ്ങളുടെയും അടുക്കളയിലെ പഴയകാല വസ്തുക്കളുടെയും പ്രദർശനവും നടക്കുന്നുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിലെ മുഖ്യവേദിയിലാണ് ഫൈവ് സ്റ്റാർ ഫെസ്റ്റിവൽ അരങ്ങേറുക.
പട്ടികവർഗ വികസനവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എത്നിക് ഭക്ഷ്യമേള, കുടുംബശ്രീ ഭക്ഷ്യമേള, പാലും പാലുൽപ്പന്നങ്ങളും, മത്സ്യവിഭവങ്ങൾ എന്നിവയുടെ ഭക്ഷ്യമേള, സഹകരണവകുപ്പ്, കാറ്ററിംഗ് അസോസിയേഷൻ എന്നിവയുടെ ഭക്ഷ്യമേള, വളർത്തുമൃഗങ്ങൾക്കായുള്ള പെറ്റ് ഫുഡ്ഫെസ്റ്റ് എന്നിങ്ങനെ വിവിധ തരം മേളകളാണ് അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക