ഹമാസ്-ഇസ്രായേൽ സംഘര്‍ഷത്തിനിടെ ഇസ്രായേലിൽ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത് ഭറൂച്ച തിരികെ ഇന്ത്യയിലെത്തി. ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണ് നടി ഇസ്രയേലിൽ എത്തിയത്. ഇതിനിടയിലാണ് ഇസ്രായേലിൽ ഹമാസിന്റെ ആക്രമണം നടന്നത്. ശനിയാഴ്ച അർധരാത്രി കുടുംബവുമായി ബന്ധപ്പെട്ട നടിയെ കുറിച്ച് പിന്നീട് വിവരമില്ലാതിരുന്നത് ആശങ്കയുണ്ടാക്കിയിരുന്നു. ഞായറാഴ്ചയാണ് ഇവർ പിന്നീട് ആശയവിനിമയം നടത്തിയത്.
നുസ്രത് ഇന്ത്യയിൽ തിരിച്ചെത്തിയ വിവരം അവരുടെ ടീം സ്ഥിരീകരിച്ചു. നടി മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തുവരുന്ന വീഡിയോ പി.ടി.ഐ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ശനിയാഴ്ച നടിക്കും ടീമിനും തമ്മിൽ ബന്ധപ്പെടാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഇസ്രായേലിൽ നിന്ന് നേരിട്ട് വിമാനം ലഭിക്കാത്തതിനാൽ കണക്ടിംഗ് ഫ്ലൈറ്റിലാണ് നുസ്രത്ത് രാജ്യത്ത് എത്തിയത്.
ശനിയാഴ്ച പുലർച്ചെയാണ് ഹമാസ് പോരാളികൾ ഇസ്രായേലിൽ ആക്രമണം നടത്തിയത്. ഗസ്സ മുനമ്പിൽ നിന്ന് ഇസ്രായേലിലേക്ക് അയ്യായിരത്തിലേറെ റോക്കറ്റുകളാണ് ഹമാസ് തൊടുത്തത്. യുദ്ധം ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക