പാലക്കാട്: പാലക്കാട് പൊൽപ്പുള്ളിയിൽ ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മുറി കത്തി. അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് യുവാവ് രക്ഷപ്പെട്ടു. വേർകോലി ബി.ഷാജുവിന്റെ വീട്ടിലാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ദിവസങ്ങൾക്കു മുൻപു സുഹൃത്ത് വാങ്ങിയ മൊബൈൽ ഫോൺ ഷാജുവിന് ഉപയോഗിക്കാൻ കൊടുത്തിരുന്നു.
ഫോൺ പൊട്ടിത്തെറിച്ചു മുറിയിലാകെ തീപടർന്നതു കണ്ട ഇലക്ട്രിഷ്യനായ ഷാജു ഉടൻതന്നെ വൈദ്യുതി കണക്ഷൻ വിഛേദിച്ചു. തുടർന്നു മോട്ടർ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്തു തീയണയ്ക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ഫോൺ കിടക്കയിലേക്കു വീണതോടെയാണു തീപടർന്നത്. കിടക്ക, കട്ടിൽ, ഹോം തിയറ്റർ, അലമാര, ടിവി തുടങ്ങിയവയെല്ലാം കത്തി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക