ഷാമാം, കാന്റ് ലോപ്, തയ്ക്കുമ്പളം എന്നീ പേരുകളില്‍ അറിയപ്പെടുന്ന മസ്ക് മെലണ്‍ ചില്ലറക്കാരനല്ല. നിരവധി പോഷകഗുണങ്ങളുള്ള പഴമാണിത്. വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ പഴങ്ങളിലൊന്നാണിത്. മത്തങ്ങ, വെള്ളരിക്ക, പടവലങ്ങ മുതലായവയുടെ കുടുംബത്തില്‍പ്പെട്ട പഴവര്‍ഗമാണ് മസ്ക് മെലണ്‍. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ഈ പഴം ധാതുക്കള്‍, ജീവകം എ, പൊട്ടാസ്യം, ഭക്ഷ്യ നാരുകള്‍ ഇവയാല്‍ സമ്പന്നമാണ്.
രോഗപ്രതിരോധ ശക്തിക്ക് ഏറ്റവും ഗുണകരമായ പഴമാണിത്. ഷമാമില്‍ അടങ്ങിയ ജീവകം സി, എ എന്നിവ രോഗപ്രതിരോധ ശക്തിയേകുന്നു. ശക്തമായ ആന്റിഓക്സിഡന്റായ ജീവകം സി ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്നു. പതിവായി ഷമാം കഴിച്ചാല്‍ അകാലവാര്‍ധക്യവും തടയാം. അതുപോലെ ഷമാമില്‍ അടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു. അങ്ങനെ ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. രക്താതിമര്‍ദം തടയാനും പൊട്ടാസ്യം ഫലപ്രദമാണ്. അഡിനോസിന്‍ എന്ന സംയുക്തം രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കും. ജീവകം സി അതിറോസ്ക്ലീറോസിസ് തടയുന്നു.
ഷമാമിലെ ജീവകം സിയും ബീറ്റാ കരോട്ടിനും ഫ്രീറാഡിക്കലുകളോട് പൊരുതുന്നു. ഈ ഫ്രീ റാഡിക്കലുകളാണ് ശരീരകോശങ്ങളെ ആക്രമിച്ച് അര്‍ബുദ വളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ഈ മെലണ്‍ പതിവാക്കിയാല്‍ അര്‍ബുദവും തടയാം. ഷമാമില്‍ പൊട്ടാസ്യം ധാരാളമുണ്ട്. അതുകൊണ്ട് തന്നെ തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണത്തെ സഹായിക്കുകയും ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കുകയും ചെയ്യും. നാഡികളെ റിലാക്സ് ചെയ്യിച്ച് സമ്മര്‍ദം അകറ്റുന്നു.
ഷമാമില്‍ അടങ്ങിയ ബീറ്റാ കരോട്ടിന്‍ കണ്ണുകള്‍ക്ക് ആരോഗ്യമേകുന്നു. ശരീരം ഇത് ജീവകം എ ആക്കിമാറ്റുകയും തിമിരം തടയാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും സഹായിക്കുകയും ചെയ്യും. വൃക്കകള്‍ തകരാറിലാക്കുന്ന ഡയബറ്റിക് നെഫ്രോപ്പതി തടയാന്‍ ഈ പഴത്തിനു കഴിവുണ്ട്. ഷമാമിന്റെ സത്ത് ആയ ഓക്സികൈന് ഈ അവസ്ഥ തടയുന്നു. കൂടാതെ ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞ പഴമാണിത്. അതായത് ഇതിലടങ്ങിയ ഫ്രക്ട്രാസും ഗ്ലൂക്കോസും അപകടകാരിയല്ല. അതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്കും പൊണ്ണത്തടിയുള്ളവര്‍ക്കും ഈ പഴം കഴിക്കാം.
ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ള ഈ മെലണ്‍ എല്ലുകളിലെയും സന്ധികളിലെയും ഓക്സീകരണ സമ്മര്‍ദം തടഞ്ഞ് വീക്കം കുറയ്ക്കുന്നു.ഭക്ഷ്യ നാരുകള്‍ ധാരാളം അടങ്ങിയ ഷമാം ദഹനത്തിനു സഹായിക്കുന്നു. വന്‍കുടലിലെ അര്‍ബുദ സാധ്യത കുറയ്ക്കുന്നു. കാലറി കുറവും നാരുകള്‍ ധാരാളവും ഉള്ളതിനാല്‍ ശരീരഭാരം കുറയാന്‍ സഹായകമാണ്. ഷമാമില്‍ അടങ്ങിയ ജീവകം സി, ആര്‍ത്തവ വേദനയും ആര്‍ത്തവ പ്രശ്നങ്ങളും അകറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക