ജയ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. 43 സ്ഥാനാർഥികളെയാണ് രണ്ടാംഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗോവിന്ദ് റാം മേഘ്വാൾ ഖജുവാലയിൽ നിന്നും പ്രതാപ് സിംഗ് ഖചാരിയവാസ് സിവിൽ ലൈനിൽ നിന്നും പർസാദി ലാൽ മീണ ലാൽസോട്ടിൽ നിന്നും മത്സരിക്കും. നിലവിലെ കൃഷിമന്ത്രി മുരാരി ലാൽ മീണ ദൗസയിൽ നിന്ന് ജനവിധി തേടും.അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായിയായ രാജസ്ഥാൻ മുൻ ചീഫ് സെക്രട്ടറി നിരഞ്ജൻ ആര്യ സോജത്ത് മണ്ഡലത്തിൽ നിന്നും മത്സരിക്കും.
2018ലെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് മന്ത്രിമാർക്കും 28 സിറ്റിങ് എംഎൽഎമാർക്കും ഒരു സ്വതന്ത്ര സ്ഥാനാർഥിക്കുമാണ് ആദ്യ പട്ടികയിൽ കോൺഗ്രസ് ടിക്കറ്റ് നൽകിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അർച്ചന ശർമ്മ മാളവ്യ നഗറിൽ നിന്നും പുഷ്പേന്ദ്ര ഭരദ്വാജി സംഗനേറിൽ നിന്നും മത്സരിക്കും.
33 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സർദാർ പുര മണ്ഡലത്തിൽ നിന്നും സച്ചിൻ പൈലറ്റ് ടോംഗ് മണ്ഡലത്തിൽ നിന്നും ജനവിധി തേടും. മഹേന്ദ്ര ജീത്ത് സിംഗ് മാളവ്യ ബാഗിദോര മണ്ഡലത്തിൽ നിന്നും മമത ഭൂപെഷ് സിക്റായിൽ നിന്നും ടിക്കാറാം ജൂലി ആൽവാർ റൂറലിൽ നിന്നും ജനവിധി തേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക