തിരുവനന്തപുരം: കേരളത്തില്‍ ഇന്നും പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടതും ശക്തവുമായ മഴക്കാണ് സാധ്യതയുള്ളത്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദമായി. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ഹമൂണ്‍ ചുഴലിക്കാറ്റ് രൂപപ്പെടും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. ഇന്ന് രാവിലയോടെ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും.
കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) 23-10-2023ന് രാത്രി 11.30 വരെ 1.0 മുതല്‍ 3.0 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്നാട് തീരത്ത് (കുളച്ചല്‍ മുതല്‍ കിലക്കരൈ വരെ) 23-10-2023ന് രാത്രി 11.30 വരെ 1.2 മുതല്‍ 3.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. അതുകൊണ്ട് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക