ചായ പ്രിയരാണ് മലയാളികളിലേറെയും. ദിവസത്തില്‍ ഒരു നേരമെങ്കിലും ചായ നിര്‍ബന്ധമുള്ളവരാണ്. എപ്പോഴും ചായ ചൂടോടുകൂടി കുടിക്കുവാനാണ് എല്ലാവര്ക്കും ഇഷ്ടം. എന്നാല്‍ ജോലിത്തിരക്ക് കാരണമോ മറ്റെന്തെങ്കിലും തിരക്കുകളോ വരുമ്പോള്‍ ചൂടുള്ളപ്പോള്‍ ചായ കുടിക്കാന്‍ മറന്നുപോകുന്നവരുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോള്‍ മിക്കവരും അത് പിന്നീട് തണുത്ത ശേഷം ചൂടാക്കി കുടിക്കുകയാണ് പതിവ്.
ഇത്തരത്തില്‍ തണുത്ത ചായ വീണ്ടും ചൂടാക്കി കുടിയ്ക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. ചായ തണുത്തിട്ട് ഏകദേശം രണ്ടോ മൂന്നോ മിനിറ്റ് മാത്രമേ ആയിട്ടുള്ളുവെങ്കില്‍ വീണ്ടും ചൂടാക്കുന്നതില്‍ കുഴപ്പമില്ല. അതില്‍ കൂടാതലാണെങ്കില് അത് പ്രശ്നമാണ്. രണ്ടാമത് ചായ ചൂടാക്കുന്നതിലൂടെ അതിന്റെ സ്വാദ്, മണം, പോഷകഗുണങ്ങള്‍ എന്നിവ കുറയും. നാലു മണിക്കൂറില്‍ കൂടുതല്‍ തണുത്തിരിക്കുന്ന ചായ പിന്നെ ചൂടാക്കി കുടിക്കരുത്.
കാരണം അതില്‍ ബാക്റ്റീരിയകള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഒന്നോ രണ്ടോ മണിക്കൂര്‍ പുറത്തു വെച്ചാല്‍ പോലും അതിനുള്ളില്‍ ബാക്റ്റീരിയ വളരാന്‍ തുടങ്ങും. പാല് ചായയാണ് അധിക നേരം പുറത്തിരുന്നതെങ്കില് അതില്‍ ബാക്റ്റീരിയകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കട്ടന്‍ ചായയെ അപേക്ഷിച്ച് അധിക നേരം പുറത്തിരുന്ന പാല്‍ചായ പിന്നെയും ചൂടാക്കി കുടിക്കുന്നത് നല്ലതല്ല.
പാലു പോലെ തന്നെ ബാക്ടീരിയ അതിവേഗം വളരുന്ന മറ്റൊരു ഘടകമാണ് പഞ്ചസാര. പഞ്ചസാര അടങ്ങിയിട്ടുള്ള ചായയാണെങ്കില് അതും രണ്ടാമത് ചൂടാക്കി കുടിക്കുന്നത് ഒഴിവാക്കുക. വീണ്ടും ചൂടാക്കിയ ചായ കുടിക്കുന്നത് വയറിനെ അസ്വസ്ഥമാക്കും. പുതിയ ചായ ഉണ്ടാക്കി കുടിക്കുന്നതതാണ് ആരോഗ്യത്തിന് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക