പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സിപിഐഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന ധർണ്ണയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. കേന്ദ്ര കമ്മറ്റി ആസ്ഥാനമായ എകെജി ഭവന് മുന്നിലാണ് പാർട്ടി പ്രവർത്തകർ ധർണ്ണ സംഘടിപ്പിക്കുന്നത്. നാളെ ഉച്ചക്ക് 12 മുതൽ 1 മണിവരെയാണ് ധർണ്ണ നടക്കുക. എകെജി ഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പൊളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും.
പശ്ചിമേഷ്യയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ സിപിഐഎമ്മും സിപിഐയും വിമർശനവുമായി രംഗത്തെത്തിയിരുന്നു. നരേന്ദ്രമോദി സർക്കാർ ഇന്ത്യയെ അമേരിക്കയുടെ അടിമയാക്കി മാറ്റിയെന്നാണ് ഉയർന്നുവന്ന വിമർശനം.
സ്വതന്ത്ര പലസ്തീൻ എന്ന ഇന്ത്യയുടെ ദീർഘകാല നിലപാടിനെ നിരാകരിക്കുന്നതാണ് കേന്ദ്ര നടപടിയെന്നും സിപിഐഎമ്മും സിപിഐയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കൻ സാമ്രാജ്യത്വത്തിന് കീഴിൽ ഇന്ത്യൻ വിദേശകാര്യ നയം മാറുകയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക