പരിമിതമായ സ്ഥങ്ങളിൽ കൃഷികൾ ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടാണ്. അത്തരത്തിലുള്ള ആളുകൾക്ക് സ്ഥലസൗകര്യമോ മുതൽമുടക്കോ ഒന്നും വേണ്ടാതെ സ്വന്തമായി ഇഞ്ചി കൃഷി ചെയ്ത് ലാഭമുണ്ടാക്കാനുള്ള ഒരു എളുപ്പ വഴിയുണ്ട്. ഉഗ്രൻ ലാഭം കൊയ്യാനും ഇതിലൂടെ സാധിക്കും.
ഉപയോഗശേഷം വലിച്ചെറിയുന്ന പേപ്പറുകളും കരിയിലകളും കൊണ്ടാണ് എളുപ്പത്തിൽ ഈ കൃഷി കഴിയുന്നത്. പതിനഞ്ച് ഇഞ്ച് വലിപ്പമുളള ചെടിച്ചട്ടികളാണ് ഈ കൃഷിക്ക് അനുയോജ്യം. ആദ്യം ഇവയിലേക്ക് ഉപയോഗശൂന്യമായ പേപ്പറുകൾ ചെറിയ കഷ്ണങ്ങളായി മുറിച്ചിടുക. അടിവശം പൂർണ്ണമായും നിറയുന്ന തരത്തിലായിരിക്കണം ചെയ്യേണ്ടത്. പിന്നീട് ചട്ടിയിലേക്ക് കുറച്ച് കരിയില ഇടുക.
അടുത്ത ഘട്ടം മണ്ണൊരുക്കലാണ്. വളക്കൂറുളള മണ്ണ് തന്നെ ഈ കൃഷി ചെയ്യുന്നതിന് വേണം. ലഭ്യമായ മണ്ണിലേക്ക് ചാണകപൊടിയോ എല്ലുപൊടിയോ ചേർത്തുകൊടുത്ത് ആദ്യം മണ്ണ് തയ്യാറാക്കണം. ശേഷം ഈ മണ്ണ് പേപ്പർ കഷ്ണങ്ങളും കരിയിലകളും എടുത്ത് വച്ചിരിക്കുന്ന ചട്ടികളിലേക്ക് ആവശ്യത്തിന് ചേർത്തുകൊടുക്കുക.
നിറച്ചുവച്ചിരിക്കുന്ന ചട്ടികൾ മൂന്ന് മുതൽ അഞ്ച് ദിവസം വരെ അധികം സൂര്യപ്രകാശം കിട്ടാത്തിടത്ത് സൂക്ഷിക്കുക. ആ സമയം നടുന്നതിനാവശ്യമായ ഇഞ്ചികളിലേക്ക് ആവശ്യമായ അളവിൽ വെളളം ചേർത്ത് പേപ്പറുകളിൽ പൊതിഞ്ഞ് അഞ്ചു ദിവസം സൂക്ഷിച്ച് വെക്കുക. അഞ്ച് ദിവസങ്ങൾക്ക് ശേഷം മുള വന്നിട്ടുളള ഇഞ്ചികളെ ചട്ടികളിലേക്ക് മാറ്റി നടനം. ഇഞ്ചി കൃഷിക്ക് ധാരാളം വെള്ളം ആവശ്യമാണ് അതുകൊണ്ട് നനയ്ക്കാൻ മറക്കരുത്. കുറഞ്ഞത് 180 ദിവസത്തിനുളളിൽ ഈ കൃഷിയിൽ നിന്നും നമുക്ക് വിളവെടുക്കാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക