കാർത്തിയുടെ ജപ്പാന്റെ സെൻസറിങ് പൂർത്തിയായതായി റിപ്പോർട്ട്. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. നവംബർ 10ന് കാർത്തി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. തമിഴ്, തലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
“ജപ്പാൻ – ദൈവത്തിന്റെ അതിശയ സൃഷ്ടികളിൽ അവനൊരു ഹീറോയാണ്. എന്നാൽ നിയമത്തിന് മുന്നിൽ കുറ്റവാളിയും…നാലു സംസ്ഥാനങ്ങളിലെ പോലീസ് അന്വേഷിക്കുന്ന പെരും കള്ളൻ… തനിക്കു നേരെ എത്ര വെടിയുണ്ടകൾ ഉതിർത്താലും തന്നെ കീഴ്പ്പെടുത്താൻ ആവില്ല എന്ന് വെല്ലുവിളിക്കുന്ന ജപ്പാൻ. നിയമ പാലകരും ജപ്പാനും തമ്മിലുള്ള സംഘർഷ ഭരിതമായ കടുത്ത പോരാട്ടത്തിലൂടെയാണ് സിനിമയുടെ കഥ മുന്നേറുന്നത് എന്നാണ് ടീസറിൽ വ്യക്തമാക്കുന്നത്.
രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്ചർസിന്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു , എസ്.ആർ.പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ‘ ജപ്പാൻ ‘. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ‘ ജപ്പാൻ’ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്.
തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായഗ്രാഹകൻ വിജയ് മിൽടനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക