മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി സന്ദേശം. 400 കോടി രൂപ ആവശ്യപ്പെട്ട് മുകേഷ് അംബാനിക്ക് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം വന്നിരുന്നു. അതേ മെയിലില്‍ നിന്നാണ് പുതിയതായി രണ്ട് ഭീഷണി സന്ദേശം കൂടി എത്തിയിരിക്കുന്നത്. ഇ-മെയില്‍ അവഗണിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.
ഒക്ടോബര്‍ 27-നാണ് ആദ്യ സന്ദേശമെത്തിയത്. ഷഹദാബ് ഖാന് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സന്ദേശം അയച്ചത്. ‘നിങ്ങള്‍ ഞങ്ങള്‍ക്ക് 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങളുടെ പക്കലുണ്ട്’, എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്. പിന്നീടുള്ള ഇമെയിലുകളില്‍ തുക 200 കോടിയായും 400 കോടിയായും ഉയര്‍ത്തിയിരുന്നു.
ഇ-മെയിലുകളുടെ അടിസ്ഥാനത്തില്‍ മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലക്കാരന് മുംബൈ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 2022-ല്‍ ഇത്തരത്തില്‍ മുകേഷ് അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും നേരെ വധഭീഷണി ഉയര്‍ത്തിയതിന് ബീഹാറിലെ ദര്‍ഭംഗയില്‍ നിന്നുള്ള ഒരാള്‍ അറസ്റ്റിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക