തിരുവനന്തപുരം: കേരളീയം വൻ വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ രീതിയിൽ ഒരു മഹോത്സവം ഇതുവരെ തിരുവനന്തപുരത്ത് നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച വൈകിട്ട് 6 മുതൽ 11 വരെ കനകക്കുന്നിൽ എത്തിയത് ഒരുലക്ഷം പേരാണ്. കേരളീയം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി എന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
കേരളീയത്തിന്റെ സമാപനം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശിവൻ കുട്ടി രൂക്ഷ വിമർശനം ഉയർത്തി. കുറേ നാളുകളായി സംസ്ഥാന സർക്കാരിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഗവർണർ പ്രവർത്തിക്കുന്നു. കേരളീയം ധൂർത്താണെന്ന ഗവർണറുടെ ആരോപണം വസ്തുതാവിരുദ്ധമാണ്. ഗവർണർ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി മാറുകയാണെന്നും മന്ത്രി വിമർശിച്ചു. കണക്കുകൾ ആവശ്യമെങ്കിൽ ഗവർണർക്ക് നൽകാമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക