നമ്മുടെ നാട്ടിൽ അനവധിയായ നാടൻ രുചികൾ ഉണ്ട്. ഇതിൽ നൊസ്റ്റാൾജിയ ഉണർത്തുന്ന വിഭവങ്ങളുമുണ്ട്. അത്തരത്തിൽ നൊസ്റ്റാൾജിയ ഉണർത്തുന്ന ഒന്നാണ് ചേമ്പ് പുഴുക്ക്. പഴമക്കാർ ധാരാളമായി ചേമ്പ് കൃഷി ചെയ്യുകയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. വളരെ രുചികരമായ ചേമ്പ് പുഴുക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ ചേമ്പ് തൊലി കളഞ്ഞ് വൃത്തിയാക്കിയതിനു ശേഷം കഴുകി എടുക്കണം. ചെറുതായി അരിഞ്ഞതിനുശേഷം അല്പം മഞ്ഞൾപൊടിയും ഉപ്പും വെള്ളവും ഒഴിച്ച് വേവിച്ചെടുക്കാം. ഇത് മാറ്റിവയ്ക്കാം. ഇനി ഇതിലേക്ക് ഒരു അരപ്പ് തയ്യാറാക്കി എടുക്കണം. ഒരു മിക്സിയുടെ ജാറിലേക്ക് അല്പം തേങ്ങ ചേർത്തു കൊടുക്കാം.
ഇതിലേക്ക് അല്പം മഞ്ഞൾപ്പൊടി, കുറച്ച് മുളകുപൊടി, പച്ചമുളക്, രണ്ടോ മൂന്നോ ചെറിയ ഉള്ളി, രണ്ടല്ലി വെളുത്തുള്ളി കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് ഒന്ന് ഒതുക്കി എടുക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കിയതിനു ശേഷം അതിലേക്ക് അല്പം എണ്ണ ഒഴിച്ച് കൊടുക്കാം.
എണ്ണ ചൂടായി വരുമ്പോൾ കടുക് ഇട്ടു കൊടുക്കണം. കുട്ടി കഴിയുമ്പോൾ അതിലേക്ക് കുറച്ച് ചെറിയ ജീരകം ചേർത്ത് കൊടുക്കണം. ചെറിയ ഉള്ളി, രണ്ടോ മൂന്നോ വറ്റൽ മുളക് പൊട്ടിച്ചത്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കാം. ഉള്ളിയും വറ്റൽമുളകും എല്ലാം നല്ലതുപോലെ മൂത്ത് വരുമ്പോൾ നമ്മൾ ചതച്ച് മാറ്റിവെച്ചിരിക്കുന്ന തേങ്ങയുടെ മിക്സ് ഇതിലേക്ക് ചേർത്ത് കൊടുക്കാം.
പച്ചമണം നല്ലതുപോലെ മാറിയതിനുശേഷം വേവിച്ച് മാറ്റിവച്ചിരിക്കുന്ന ചേമ്പ് ഇതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. വെള്ളം നല്ലതുപോലെ വറ്റി വരുന്നതുവരെ ഇളക്കി യോജിപ്പിച്ചു കൊടുക്കാം. കഞ്ഞിക്കും ചോറിനും എല്ലാം ഒരുപോലെ കോമ്പിനേഷൻ ആയ രുചികരമായ ചേമ്പ് പുഴുക്ക് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക