ആറാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള (കിഫ്) നവംബര്‍ 8, 9, 10, 11 തീയതികളില്‍ മരിയന്‍ കോളേജില്‍ നടക്കും. കുട്ടിക്കാനം മരിയന്‍ കോളേജിലെ മാധ്യമ പഠനവിഭാഗവും കുട്ടിക്കാനം മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (കേരളം) യുടെയും സംയുക്ത പങ്കാളിത്തത്തോടുകൂടി നടത്തുന്ന ചലച്ചിത്രമേളയാണിത്.
നവംബര്‍ 8 ന് നടക്കുന്ന സമ്മേളനത്തില്‍ പ്രശസ്ത സംവിധായകനും അഭിനേതാവുമായ ജോണി ആന്റണി മേള ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിന് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. പീരുമേട് എം എല്‍ എ വാഴൂര്‍ സോമന്, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. അജിമോന് ജോര്‍ജ് എന്നിവരും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും പ്രതിനിധികളും ചടങ്ങില്‍ സംസാരിക്കും.
മേളയുടെ ഭാഗമായി സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബി, ഡയറക്ടറും ഛായാഗ്രാഹകനുമായ സണ്ണി ജോസഫ് എന്നിവര്‍ നയിക്കുന്ന മാസ്റ്റര്‍ ക്ലാസുകള്‍, ഓപ്പണ്‍ ഫോറം, വിവിധ കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
യുദ്ധങ്ങളുടെ പരിണിത ഫലങ്ങള്‍ ഇത്തവണത്തെ വിഷയമായതിനാല്‍ ‘കിഫ് – കലിംഗ’ എന്നാണ് മേളയ്ക്കു പേരു നല്‍കിയിരിക്കുന്നത്. മേളയുടെ ഭാഗമായി പതിവായി നടത്തിവരുന്ന ഹ്രസ്വചലച്ചിത്ര മത്സരം ഇത്തവണയും ഉണ്ടായിരിക്കുന്നതാണ്. മികച്ച ചിത്രത്തിന് 10000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന പുരസ്കാരം ലഭിക്കും.
23 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സിനിമാ ആസ്വാദകര്‍ക്കും മേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് 250 രൂപയും മറ്റുള്ളവര്‍ക്ക് 300 രൂപയുമാണ് പ്രവേശന ഫീസ്.
ആവശ്യക്കാര്‍ക്കായി മിതമായ നിരക്കില്‍ ഭക്ഷണ താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. മേളയില്‍ പങ്കെടുക്കുന്നതിനും ഹ്രസ്വചിത്രങ്ങള്‍ സമര്‍പ്പിക്കുന്നതിനും www.mediostalkies.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9562779455 എന്ന നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക