ആർ ഡി എക്സ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരജോഡിയാണ് ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും. ആർ ഡി എക്സിന്റെ വൻ വിജയത്തിന് ശേഷം ഇരുവരും വീണ്ടും ഒരുമിച്ചെത്തുകയാണ്.
ആൻഡോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ലിറ്റിൽ ഹാർട്ട്സിലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും ആയി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്നാണ് നിർമ്മിക്കുന്നത്.
ഒരു അപ്പനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇടുക്കിയിലെ കാർഷിക മേഖലയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ്. തോട്ടം സൂപ്പർവൈസർ ആയ സിബി എന്ന കഥാപാത്രമായി ഷെയ്ൻ എത്തുമ്പോൾ വിദേശത്ത് പഠിക്കുന്ന ശോശ എന്ന കഥാപാത്രമായി മഹിമ വേഷമിടുന്നു.
ബാബുരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രഞ്ജിപ്പണിക്കർ, ജാഫർ ഇടുക്കി, മാലാപാർവ്വതി, രമ്യ സുവി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ലൂക്ക് ജോസ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് ആണ്. രാജേഷ് പിന്നാടന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക