വീട്ടുജോലിക്കാരിയുടെ കാണാതായ മകളെ കണ്ടെത്തുന്നവർക്ക് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടി സണ്ണി ലിയോൺ. തന്റെ വീട്ടുജോലിക്കാരിയുടെ 9 വയസ്സുള്ള മകളെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് അമ്പതിനായിരം രൂപ പാരിതോഷികമായി നൽകുമെന്നും സണ്ണി ലിയോൺ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പെൺകുട്ടിയുടെ ഫോട്ടോയും പേര് വിവരങ്ങളും മാതാപിതാക്കളുടെ പേരും ഫോൺ നമ്പറുകളും താരം പങ്ക് വെച്ചു. ബുധനാഴ്ചയാണ് മുംബൈയിലെ ജോഗേശ്വരി ഭാഗത്തുനിന്ന് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണെന്നും കുട്ടിയെ കണ്ടെത്തുന്നവർ മാതാപിതാക്കളെയോ തന്നെയോ വിവരമറിയിക്കണമെന്നും സണ്ണി ലിയോൺ ഇൻസ്റ്റാഗ്രാം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം നൽകുകയോ കുട്ടിയെ തിരിച്ചെത്തിക്കുകയോ ചെയ്യുന്നവർക്ക് ഉടനടി 11,000 രൂപയും ഇതിനുപുറമേ തന്റെ കയ്യിൽ നിന്ന് വ്യക്തിപരമായി അമ്പതിനായിരം രൂപ കൂടി നൽകുമെന്നും സണ്ണി ലിയോൺ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.
അതേസമയം 16 മുതൽ 35 വയസ്സു വരെയുള്ള സ്ത്രീകളും പെൺകുട്ടികളും അടക്കം 3594 പേരെയാണ് ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ കാണാതായിട്ടുള്ളത്. ഇതിൽ 383 പേരും മുംബൈയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
https://www.instagram.com/p/CzaeBwZr6zS/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക