തിരുവനന്തപുരം: കുട്ടനാട്ടിലെ കർഷകൻ പ്രസാദിന്റെ ആത്മഹത്യയ്ക്ക് കാരണം പിആർഎസ് കുടിശികയല്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. കേരളത്തിലെ നെൽകർഷകർക്ക് പിആർഎസ് വായ്പാ കുടിശികയില്ല. പിആർഎസ് വായ്പാ കുടിശിക കാരണം സിബിൽ സ്കോർ കുറഞ്ഞ് മറ്റ് വായ്പ ലഭിക്കാത്ത സാഹചര്യമില്ല. കർഷകന്റെ ആത്മഹത്യ ഏറെ ദുഃഖകരമാണ്. സംഭവത്തിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉയരുന്നതെന്നും മന്ത്രി പറഞ്ഞു.
കർഷകരുടെ പക്കൽ നിന്നും വാങ്ങിയ നെല്ലിന് പണം കൊടുത്തിട്ടുണ്ട്. പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. രണ്ടു ദിവസം അവധിയാണ് അതിനുശേഷം കാര്യങ്ങൾ മാധ്യമങ്ങളും പരിശോധിക്കണം. സാധാരണ കർഷകർ ചെല്ലുമ്പോൾ വായ്പ നൽകാതിരിക്കാൻ ബാങ്ക് ജീവനക്കാർ സ്വീകരിച്ച ഒഴിവുകഴിവാണോ എന്ന് അറിയില്ല. പ്രസാദ് പാട്ടകൃഷിയിലൂടെ വിളവെടുത്ത നെല്ലിന് സർക്കാർ പണം കൊടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക