ഇക്കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ലാന്‍ഡ് ക്രൂയിസറിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത് ടൊയോട്ട താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വലിയ സ്വീകാര്യതയാണ് ഈ മോഡലിന് ലഭിച്ചത്. 2.10 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില.
ബുക്കിങ്ങിലുണ്ടായ ആധിക്യം മൂലമാണ് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കളെ നിര്ബന്ധിതരാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ബുക്കിങ്ങ് എന്ന് പുനരാരംഭിക്കാന്‍ സാധിക്കുമെന്ന കാര്യത്തിലും വ്യക്തത വരുത്തിയിട്ടില്ല. ലാന്‍ഡ് ക്രൂയിസര്‍ എല്‍.സി300, 2023 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ടൊയോട്ടയുടെ പവലിയന്റെ മുഖ്യ ആകര്‍ഷണമായിരുന്നു.
വിദേശ വിപണികളില്‍ മുമ്പ് തന്നെ എത്തിയ ഈ പുതുതലമുറ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് ഓട്ടോ എക്സ്പോ വേദിയിലാണ്. വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്താണ് ഈ വാഹനം നമ്മുടെ നിരത്തുകളില്‍ എത്തുന്നത്.
ടി.എന്‍.ജി.എ അടിസ്ഥാനമാക്കിയുള്ള ജി.എ-എഫ് പ്ലാറ്റ്ഫോമിലാണ് ലാന്‍ഡ് ക്രൂയിസര്‍ ഒരുങ്ങിയിട്ടുള്ളത്. അത്യാഡംബരവും ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയ വാഹനമായാണ് ലാന്‍ഡ് ക്രൂയിസര്‍ എല്‍.സി.300 എത്തിയിരിക്കുന്നത്. ക്രോമിയം ഫിനീഷിങ്ങിലുള്ള ഗ്രില്ല്, ബൈ-എല്‍.ഇ.ഡി. പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, 18 ഇഞ്ച് മെഷിന് കട്ട് അലോയി വീല്‍, ക്രോമിയത്തില്‍ പൊതിഞ്ഞ വിന്‍ഡോ ഫ്രെയിം, റിയര്‍വ്യൂ മിറര്‍ എന്നിവയും പുതിയ മോഡലിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക