വളരെയധികം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ക്യാരറ്റ് കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. നല്ല നിറവും വലിപ്പവും ഉള്ള ക്യാരറ്റ് ലഭ്യമാകാൻ 16 ഡിഗ്രി സെന്റിഗ്രേഡ് മുതൽ 20 ഡിഗ്രി സെന്റിഗ്രേഡ് വരെയുള്ള താപനില ആവശ്യമാണ്. ഏതാണ്ട് 28 ഡിഗ്രി വരെ ചൂട് താങ്ങാൻ ക്യാരറ്റിന് കഴിയുമെങ്കിലും അതിനു മുകളിലേക്ക് പോകുമ്പോൾ ക്യാരറ്റ് ചെറുതായി പോകുന്നതിനും കാരണമാകാറുണ്ട്.
വിത്ത് നേരിട്ട് തന്നെ മണ്ണിൽ വിതച്ച് അതിന്റെ തായ് വേരിൽ അന്നജം സംഭരിച്ചു വയ്ക്കുന്ന ക്യാരറ്റ് ഒരിക്കലും ഒരു പറിച്ചു നടുന്ന വിളയല്ല. സാധാരണയായി ഓറഞ്ച് നിറത്തിലാണ് കാണപ്പെടുന്നത് എങ്കിലും കറുപ്പ്, വയലറ്റ്, ചുവപ്പ് എന്നീ നിറങ്ങളിലും ക്യാരറ്റ് ലഭ്യമാണ്. വിറ്റാമിൻ എ ധാരാളമടങ്ങിയിട്ടുണ്ട് എന്നതും പച്ചയ്ക്ക് തന്നെ ഭക്ഷിക്കാം എന്നതും ക്യാരറ്റിന്റെ പ്രത്യേകതയാണ്.
ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം അകറ്റുന്നതിനും തൊലിക്ക് നല്ല നിറം നൽകുന്നതിനും ക്യാരറ്റ് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. ജീരകം പോലെയുള്ള വിത്തുകൾ ഒരു സെന്റിലേക്ക് 20 ഗ്രാം വീതമാണ് വേണ്ടത്. ഒരടി ആഴത്തിൽ മണ്ണ് കിളച്ചതിനു ശേഷം കട്ടകൾ നന്നായി ഉടച്ച് പൊടി പരുവമാക്കിയെടുക്കണം.
20 സെന്റീമീറ്റർ ഉയരമുള്ള വാരങ്ങൾ കോരിയതിനുശേഷം സെന്റിന് രണ്ട് കിലോ എന്ന അളവിൽ കുമ്മായം ഇട്ട് കൊത്തി ചേർത്ത് പുട്ട്പൊടിയുടെ നനവ് കൊടുത്ത് രണ്ടാഴ്ച ഇടാം. നൂറു കിലോ അഴുകിപ്പൊടിച്ച ചാണകപ്പൊടി, രണ്ട് കിലോ പൊടിച്ച വേപ്പിൻ പിണ്ണാക്ക്, 2 കിലോ എല്ലുപൊടി എന്നിവ മണ്ണുമായി നല്ലതുപോലെ കൂട്ടി കലർത്തി ഒരാഴ്ചയോളം സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിടുന്നതും ഗുണം ചെയ്യും.
വിത്ത് വളരെ ചെറുതായതിനാൽ അഞ്ച് ഇരട്ടി ഉണങ്ങിയ മണൽ ചേർത്ത് ഇരുപത്തിയഞ്ചു സെന്റീമീറ്റർ അകലത്തിൽ വിരലുകൾ കൊണ്ട് ആഴം കുറഞ്ഞ ചാലുകൾ കീറിയതിനുശേഷം വളരെ നൈസായി ചാൽ ഇട്ടതിനുശേഷം കൈകൊണ്ട് മണ്ണിട്ടു മൂടണം. ചെറുതായി ഒന്ന് നനച്ചു കൊടുക്കാനും മറക്കരുത്.
പതുക്കെ മാത്രം വളരുന്ന ഒന്നാണ് ക്യാരറ്റ്. കളകൾ ഇല്ലാതെ നോക്കാനും ശ്രദ്ധിക്കണം. വിത്ത് മുളച്ചതിനുശേഷം മൂന്നാഴ്ച കഴിയുമ്പോൾ 7 മുതൽ 8 സെന്റീമീറ്റർ വരെ രണ്ട് ചെടികൾ തമ്മിൽ അകലം വരത്തക്ക രീതിയിൽ കരുത്തുള്ള ഓരോ ചെടികൾ മാത്രം നിർത്തി ബാക്കിയുള്ളവ പിഴുതു കളയാവുന്നതാണ്. ഗുണമേന്മയുള്ള കിഴങ്ങുകൾ ലഭിക്കുന്നതിനായി പൊട്ടാസ്യം ഇട്ടുകൊടുക്കാനും മറക്കരുത്.
super kuroda, Nantes, Pusa Rudhira, Pusa Kesar, Ootty -1 എന്നിവ ക്യാരറ്റിന്റെ വിവിധ ഇനങ്ങളാണ്. 90 മുതൽ 100 ദിവസത്തിനുള്ളിൽ വിളവെടുക്കാം എന്നതും ക്യാരറ്റ് കൃഷിയുടെ പ്രത്യേകതയാണ്. ക്യാരറ്റിന്റെ ഇലകൾ കഴിക്കാൻ ഉപയോഗിക്കാറില്ലെങ്കിലും കോഴി തീറ്റയായും കാലി തീറ്റയായും ഒക്കെ ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക