മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഹിറ്റ് മേക്കർ ജിയോ ബേബി ഒരുക്കിയ ‘കാതൽ ദ കോർ’ എന്ന ചിത്രത്തിന് രണ്ട് ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിച്ചു. കുവൈറ്റ്, ഖത്തർ എന്നി രാജ്യങ്ങളാണ് ചിത്രത്തിന്റെ പ്രദർശനാനുമതി വിലക്കിയത്.
നവംബർ 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. നീണ്ട 12 വർഷത്തെ ഇടവേളയ്ക്കു ശേഷം തെന്നിന്ത്യൻ താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിൽ സ്വവർഗ്ഗനുരാഗിയായ കഥാപത്രമായാണ് മമ്മൂട്ടി എത്തുന്നത്.
ഇത് തന്നെയാണ് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്താൻ കാരണമെന്നാണ് വിവരം. നേരത്തെ മോഹൻലാൽ, ഹണി റോസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സ്വവർഗാനുരാഗികളുടെ കഥ പറഞ്ഞ ‘മോൺസ്റ്റർ’ എന്ന ചിത്രവും ഖത്തറും കുവൈറ്റും വിലക്കിയിരുന്നു.
മമ്മൂട്ടി, ജ്യോതിക എന്നിവരെ കൂടാതെ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്നി, സുധി കോഴിക്കോട്,അനഘ അക്കു, ജോസി സജോ, ആദർശ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സാലുകെ തോമസ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക