നടൻ സൂര്യയ്ക്ക് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ ചിത്രീകരണത്തിനിടെ ചെന്നൈയിലെ സ്റ്റുഡിയോയിൽ വച്ചാണ് സൂര്യയ്ക്ക് പരിക്കേറ്റത്. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീണ് കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്.
താരത്തിന് നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂവെന്നും സിനിമയുടെ ഇന്നത്തെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പീരിയഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവ ആണ്.
350 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിരിക്കും. 38 ഭാഷകളിലായി ആഗോള റിലീസിന് ഒരുങ്ങുന്ന ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ ആണ് നിർമ്മിക്കുന്നത്.
വിചാരിക്കുന്ന രീതിയിൽ കാര്യങ്ങൾ നടന്നാൽ ബോക്സ് ഓഫീസ് കണക്കുകളും തമിഴ് സിനിമയുടെ റീച്ചിലും ചിത്രം പുതിയ വാതിലുകൾ തുറക്കുമെന്നും ചിത്രത്തിന് പതിപ്പുകൾ ഉണ്ടാകും എന്നും തമിഴ് സിനിമ ഇതുവരെ എത്തിച്ചേർന്നിട്ടുള്ള വിപണികളെയെല്ലാം ലംഘിച്ചുള്ള റീച്ച് ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് എന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നിർമാതാവ് അറിയിച്ചിരുന്നു.
ബോളിവുഡ് താരം ദിഷ പഠാനി നായികയായി എത്തുന്ന ചിത്രം താരത്തിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ യോഗി ബാബു, രവി രാഘവേന്ദ്ര, റെഡിൻ കിംഗ്സ്ലി, കോവൈ സരള, ആനന്ദരാജ, കെ എസ് രവികുമാർ, ബി എസ് അവിനാശ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെട്രി പളനിസ്വാമി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർവഹിച്ചിരിക്കുന്നത് നിഷാദ് യൂസഫ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക