2023-ലെ ബുക്കര്‍ പുരസ്കാരം കരസ്ഥമാക്കി ഐറിഷ് സാഹിത്യകാരന് പോള്‍ ലിഞ്ച്. അദ്ദേഹത്തിന്റെ ‘പ്രൊഫെറ്റ് സോങ്’ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ആറുപുസ്തകങ്ങളില്‍ നിന്നാണ് പോള്‍ ലിഞ്ചിന്റെ ഡിസ്റ്റോപിയന്‍ നോവല്‍ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ, ഐറിസ് മര്‍ഡോക്ക്, ജോണ്‍ ബാന്വില്, റോഡി ഡോയല്‍, ആനി എന്റൈറ്റ് എന്നിവര്‍ക്ക് ശേഷം ബുക്കര്‍ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോള്‍ ലിഞ്ച്.
നിരവധി നിരൂപക പ്രശംസകള്‍ നേടുകയും പ്രധാന അവാര്‍ഡുകള്‍ക്ക് പരിഗണിക്കപ്പെടുകയും ചെയ്ത പ്രൊഫെറ്റ് സോങ് ആഗോള തലത്തില്‍ ജനപ്രിയ നോവലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഡിസ്റ്റോപിയന്‍ മാനങ്ങളുള്ള ഈ നോവലിന്റെ പശ്ചാത്തലം സമഗ്രാധിപത്യം കയ്യടക്കിയ ഒരു സാങ്കല്‍പ്പിക അയര്‍ലന്‍ഡാണ്. ജനാധിപത്യത്തിന്റെ സമ്പൂര്ണമാതൃകകളുടെ അസ്ഥിരതയെയും അതിന്റെ ബീഭത്സമായ സാധ്യതകളെയും കുറിച്ച് വര്‍ത്തമാനകാല ലോകത്തിനുള്ള താക്കീതാണ് പോള്‍ ലിഞ്ചിന്റെ ഈ പുസ്തകം.
ആഭ്യന്തര യുദ്ധത്തിന്റെയും പാലായനത്തിന്റെയും കഥപറയുന്ന നോവലില്‍ പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലെ അസ്വസ്ഥകളും പശ്ചിമേഷ്യയിലെ മാനുഷിക ദുരന്തങ്ങളോടുള്ള ഉദാസീനമായ ഇടപെടലും ഈ നോവലിലൂടെ ലിഞ്ച് തുറന്നുകാട്ടാന്‍ ശ്രമിക്കുന്നുണ്ട്.
പോള്‍ ലിഞ്ചിന്റെ അഞ്ചാമത്തെ നോവലാണ് പ്രൊഫെറ്റ് സോങ്. റെഡ് സ്കൈ ഇന്‍ മോര്‍ണിംഗ്, ദ ബ്ലാക്ക് സ്നോ, ഗ്രേസ്, ബിയോണ്ട് ദ സീ, എന്നിവയാണ് ലൈക്കിന്റെ മറ്റ് നോവലുകള്‍. ബുക്കര്‍ പുരസ്കാരം ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുള്ള സാഹിത്യകാരനാണ് ലിഞ്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക