ആരാധകര്‍ കാത്തിരിക്കുന്ന വിക്രം-ഗൗതം മേനോന് ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. ചിത്രം നവംബര്‍ 24-ന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. പ്രദര്‍ശനം തുടങ്ങുന്നതിന് മുന്നോടിയായി ഓണ്‍ലൈന്‍ ബുക്കിങ് ഉള്‍പ്പെടെ ആരംഭിച്ചിരുന്നു. അതിനിടെയാണ് ക്ഷമാപണ കുറിപ്പുമായി ഗൗതം മേനോന് രംഗത്തെത്തിയത്. ചിത്രം നിശ്ചയിച്ച സമയത്തുതന്നെ തിയേറ്ററുകളിലെത്തിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി അണിയറക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ഡിസംബര്‍ 8-ന് എത്തുമെന്നാണ് ഏതാനും ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിലെ തിയേറ്ററുകൾക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ റിലീസ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ആറ് വര്‍ഷം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഗൗതം വാസുദേവ് മേനോനും സംഘത്തിനും കഴിഞ്ഞത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകളും പാട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. റിതു വര്‍മ, പാര്ത്ഥിപന്, മുന്ന, സിമ്രാന്, രാധിക ശരത്കുമാര്, അര്ജുന് ദാസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക