അഹമ്മദാബാദ്: 2024 ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍ നയിക്കും. ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെപ്പോയതിനു പിന്നാലെയാണ് ഗില്ലിനെ ക്യാപ്റ്റനായി ഗുജറാത്ത് പ്രഖ്യാപിച്ചത്. 2022-ല്‍ നായകനായെത്തി ആദ്യ സീസണില്‍ തന്നെ ടീമിന് കിരീടം നേടിക്കൊടുക്കുകയും അടുത്ത സീസണില്‍ ഫൈനലിലെത്തിക്കുകയും ചെയ്ത ഹാര്‍ദിക്കിന്റെ മികവ് ആവര്‍ത്തിക്കുക എന്നതായിരിക്കും വരുന്ന സീസണില്‍ ഗില്ലിന് മുമ്പിലുള്ള പ്രധാന വെല്ലുവിളി.
മുംബൈ ടീമിലേക്ക് തിരികെ പോകാനുള്ള ഹാര്‍ദിക്കിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും താരത്തിന് ആശംസകള്‍ നേരുന്നതായും ടൈറ്റന്‍സ് ഡയറക്ടര്‍ വിക്രം സോളങ്കി പ്രസ്താവനയില്‍ പറഞ്ഞു. ടൈറ്റന്‍സിനായി കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങളില്‍ നിന്ന് 59.33 ശരാശരിയില്‍ മൂന്ന് സെഞ്ചുറികളും നാല് അര്‍ധസെഞ്ചുറികളും സഹിതം 890 റണ്‍സ് നേടിയ താരമായിരുന്നു ഗില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക